എസ്.ഐ.ആർ വിഷയത്തിലും മറ്റ് സുപ്രധാന നടപടികളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകള്‍ സംബന്ധിച്ച് വിശദീകരണ കുറിപ്പ് പുറത്തിറങ്ങിയെങ്കിലും പല കാര്യങ്ങളിലും അവ്യക്തത തുടരുന്നു. കമ്മീഷന്റെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന പ്രതിപക്ഷ കക്ഷികള്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശങ്കകള്‍ രാഷ്ട്രപതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മറുവശത്ത്, ജന്തര്മന്തറിലടക്കം സംഘര്‍ഷ സാധ്യതയുള്ള പ്രതിഷേധങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചുതുടങ്ങി.
ഡല്‍ഹി പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നൊരുക്കങ്ങള്‍. മുന്‍കാല സമരങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സമ്പൂര്‍ണ്ണ കമ്മീഷന് അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഒട്ടനവധി ചോദ്യങ്ങളാണ് ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നത്. ഫോം 6-ല്‍ രക്ഷിതാക്കളുടെ പോളിംഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കമ്മീഷണര്‍ എസ്.എസ്.
സന്ധു ഒക്ടോബര്‍ 13-ന് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ചോദ്യം അസംബന്ധമാണെന്ന അദ്ദേഹത്തിന്റെ കുറിപ്പ് നിലനില്‍ക്കെ, ഇത് ഒഴിവാക്കിയോ എന്നതില്‍ ഔദ്യോഗിക വിശദീകരണമില്ല.
എസ്.ഐ.ആര് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാല്‍ ഈ ഡിക്ലറേഷന്‍ ഫോം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന വാദത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
മെയ് 27-ലെ കോടതി ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗാളിലെ വോട്ടര്‍മാര്‍ക്കെതിരെ അപ്പീല്‍ നല്കാന് നിര്‍ദ്ദേശം നല്‍കിയത് ആരെന്ന് വ്യക്തമാക്കാനും കമ്മീഷന് കഴിഞ്ഞിട്ടില്ല.
വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കാന്‍ ഗോവ ആവശ്യപ്പെട്ട സോഫ്റ്റ്വെയര് ഇതുവരെ പ്രവര്‍ത്തനക്ഷമമാകാത്തതിലും മൗനം തുടരുകയാണ്.
കൂടാതെ, രണ്ട് കമ്മീഷണര്‍മാരും കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഐ.ടി വിഭാഗം ഡി.ജി സീമ ഖന്ന എന്നിവരുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
കമ്മീഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. ബുധനാഴ്ച നടക്കുന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിന് മുന്നോടിയായാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണം നടക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തെ ബി.ജെ.പിയെ കൂടാതെ സഖ്യകക്ഷിയായ ടി.ഡി.പിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലെ തെറ്റിദ്ധാരണകള്‍ക്ക് വിരാമമായി എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

