കൊച്ചിയിൽ സിനിമ-സീരിയൽ താരം അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി ലക്ഷ്മിപ്രിയക്കെതിരെ നിയമനടപടി സ്വീകരിച്ച് പൊലീസ്. അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.
അൻസിബ സമർപ്പിച്ച ഹർജി പരിഗണിച്ച എറണാകുളം മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയത്. ബിഎൻഎസ് 356 (2) വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പ്രധാന പരാതി.
ലക്ഷ്മിപ്രിയയും യുട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നും അവർ ആരോപിക്കുന്നു. യുട്യൂബ് വഴി നടക്കുന്ന ഈ അപവാദപ്രചാരണങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് അൻസിബ നേരത്തെ തന്നെ പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
എന്നാൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് അവർ എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയാണുണ്ടായത്.
എന്നാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ ഇതൊരു സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു അന്ന് കോടതിയുടെ ഉത്തരവ്. തുടർന്ന് മജിസ്ട്രേട്ട് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തി കേസെടുക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ നിയമപോരാട്ടത്തിനൊടുവിലാണ് പരാതി പുനഃപരിശോധിക്കാൻ ഹൈക്കോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

