പൊതുസ്ഥലത്ത് തന്റെ ഔദ്യോഗിക പരിശോധനയ്ക്കിടെ വിഡിയോ റെക്കോർഡ് ചെയ്ത യുവാവിന് നേരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ കയ്യേറ്റം. മന്ത്രി പർവേഷ് വർമയാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തത്.
ഈ സംഭവത്തിന്റെ ദൃശടങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ആക്രമണത്തിന് പിന്നാലെ യുവാവ് മന്ത്രിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടെങ്കിലും അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ പുതിയ റോഡ് പരിശോധിക്കാൻ മന്ത്രി എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രിയും എഎപി നേതാവും തിലക് നഗർ എംഎൽഎയുമായ ജർനൈൽ സിങ്ങും തമ്മിൽ റോഡ് നിർമാണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി സ്ഥലത്തുവെച്ചുതന്നെ വാക്പോർ ഉണ്ടായി.
റോഡ് നിലവാരമില്ലാതെയാണ് നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ച എംഎൽഎ, റോഡിന്റെ ടാർ കൈകൾകൊണ്ട് ഇളക്കി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായത്.
‘‘നിങ്ങൾ പൊളിച്ചു കാണിക്കാൻ പറഞ്ഞ റോഡ് ഞാൻ പൊളിച്ചു കാണിച്ചു, ഇനി പറയൂ?’’ എന്ന് എംഎൽഎ മന്ത്രിയോട് ചോദിച്ചു. ‘‘തെറ്റായി സംസാരിക്കരുത്’’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
തുടർന്ന് ‘‘താൻ എന്ത് തെറ്റാണ് ചെയ്തതെന്ന്’’ എംഎൽഎ തിരിച്ചു ചോദിച്ചു. ‘‘15 വർഷമായി നിങ്ങൾ ഇവിടെ റോഡ് ഉണ്ടാക്കിയിട്ടില്ല, ഇപ്പോൾ ഞങ്ങൾ അത് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു’’ മന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്.
എന്നാൽ ‘‘ഇത്തരത്തിൽ റോഡ് ഉണ്ടാക്കരുതെന്നും ഉണ്ടാക്കിയാൽ അത് 15 മണിക്കൂർ പോലും നിലനിൽക്കില്ലെന്നും’’ എംഎൽഎ ശക്തമായി തിരിച്ചടിച്ചു. തുടർന്ന് അടർന്നുവന്ന റോഡിന്റെ കഷണവുമായി എംഎൽഎ വീണ്ടും മന്ത്രിയുടെ അടുത്തേക്ക് നീങ്ങി.
ഈ സമയത്ത് എഎപി എംഎൽഎയുടെ പഴ്സനൽ അസിസ്റ്റന്റായ സാഹിബ് സിങ് മുന്നിൽ നിന്ന് സംഭവങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കടുത്ത രോഷാകാരം പൂണ്ട
മന്ത്രി സാഹിബ് സിങ്ങിനെ തല്ലിയത്. സംഭവത്തിന്റെ ദൃശടങ്ങൾ എഎപി എംഎൽഎ ജർനൈൽ സിങ് എക്സിൽ പങ്കുവെക്കുകയും ചെയ്തു.
ഈ സംഭവത്തിൽ താൻ മന്ത്രിക്ക് എതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് സാഹിബ് സിങ് വ്യക്തമാക്കി. ‘‘ആ സമയത്ത് ഞാൻ എംഎൽഎയുടെ പേജിൽ തത്സമയം വിഡിയോ സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
ലൈവ് സ്ട്രീം നിർത്തുന്നതിനായി പർവേഷ് വർമ എന്റെ കയ്യിൽനിന്ന് ഫോൺ തട്ടിപ്പറിക്കുകയും എന്റെ നേർക്ക് കൈ വീശുകയും എന്നെ തല്ലുകയും ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും എന്നെ തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
എന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേരുകളും നൽകിയിട്ടുണ്ട്.
അദ്ദേഹം മന്ത്രിയാണ്. പൊലീസ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും എന്റെ മറ്റു തീരുമാനങ്ങൾ’’– സാഹിബ് സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
‘‘ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ ബിജെപി സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണിത്. റോഡ് പരിശോധിക്കാൻ വന്നപ്പോൾ ഒന്നിനുപിറകെ ഒന്നായി അഴിമതികൾ പുറത്തുവരുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ക്ഷമ നശിക്കുകയും തന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്ന എന്റെ സഹപ്രവർത്തകനോട് കയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു’’– എഎപി എംഎൽഎ പ്രതികരിച്ചു.
എംഎൽഎ പങ്കുവെച്ച വിഡിയോ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

