കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ വാളറ മുതൽ അടിമാലി വരെയുള്ള ഭാഗത്ത് കെഎസ്ആർടിസി ഫെയർ സ്റ്റേജുകൾ അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാകുന്നു. അംഗീകൃത സ്റ്റോപ്പുകളിൽ യാത്രികരെ ഇറക്കാൻ ജീവനക്കാർ കാണിക്കുന്ന വൈമുഖ്യമാണ് നിലവിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ചില ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾക്ക് പ്രധാന ടൗണുകളിൽ പോലും കൃത്യമായ ഫെയർ സ്റ്റേജുകളും സ്റ്റോപ്പുകളും ഇല്ലാത്ത അവസ്ഥയുണ്ട്. ഫെയർ സ്റ്റേജ് ഇല്ലാത്ത ഇടങ്ങളിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വണ്ടികൾ നിർത്താൻ ജീവനക്കാർ തയാറാകാത്തതും യാത്രികരും ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും കൈയേറ്റങ്ങൾക്കും കാരണമാകുന്നുണ്ട്.
കഴിഞ്ഞ ആഴ്ച സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തൊടുപുഴയിൽ നിന്ന് ദേവികുളത്തേക്ക് സർവീസ് നടത്തിയ ഓർഡിനറി ബസിൽ യാത്ര ചെയ്ത വ്യക്തിക്ക്, തനിക്ക് ഇറങ്ങേണ്ടിയിരുന്ന ചാറ്റുപാറ സ്റ്റോപ്പിൽ ഇറങ്ങാൻ സാധിച്ചില്ല.
സ്റ്റോപ്പ് കഴിഞ്ഞിട്ടും മൂന്ന് സ്റ്റോപ്പുകൾക്ക് അപ്പുറമാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. യാത്രികൻ പുറത്തിറങ്ങുന്നതിന് മുൻപായി കണ്ടക്ടർ വാതിൽ അടച്ചതിനെ തുടർന്ന് കൈക്ക് പരുക്കേറ്റ ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി.
ഈ സംഭവത്തിൽ യാത്രക്കാരൻ അടിമാലി പൊലീസിൽ ഔദ്യോഗികമായി പരാതിയും നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ദേശീയപാതയിലെ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിലെ ഫെയർ സ്റ്റേജുകളും അംഗീകൃത ബസ് സ്റ്റോപ്പുകളും എത്രയും പെട്ടെന്ന് പുനർനിർണയിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

