തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ദേശീയ തലത്തിലുള്ള നീക്കങ്ങൾ ആരംഭിച്ചു. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ എത്തിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാറിലേക്ക് അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ നടപടികൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന നേതാവെന്ന നിലയിൽ, പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണത്തിന് കെജ്രിവാളിന്റെ സാന്നിധ്യം കരുത്തുപകരുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
ന്യൂസ്ക്ലിക്ക് കേസിൽ ജയിൽവാസം അനുഭവിച്ച പ്രബീർ പുർകായസ്തയേയും ഈ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തലസ്ഥാനത്തിന് പുറമെ കോഴിക്കോടും സമാനമായ സെമിനാറുകൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.
മുഖ്യമന്ത്രിയും കുടുംബത്തിനുമെതിരായ കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കടുക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ ഈ നിർണായക രാഷ്ട്രീയ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

