കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വസതിയിലും വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത പണം പിടിച്ചെടുത്തു.എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജൻന്റെ പച്ചാളത്തെ വസതിയിലും തേവര ജിഎസ്ടി കോംപ്ലക്സിലെ ഓഫീസിലുമായിരുന്നു ഒരേസമയം റെയ്ഡ് നടന്നത്. പരിശോധനയിൽ 14 ലക്ഷം രൂപയും 788 യു.എസ് ഡോളറുമാണ് വിജിലൻസ് സംഘം കണ്ടെടുത്തത്.
പച്ചാളത്തെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മുറിയിൽ സൂക്ഷിച്ചിരുന്ന പണം മാറ്റാൻ ശ്രമം നടന്നുവെങ്കിലും വിജിലൻസ് സംഘം ഇത് തടയുകയും പണം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള പ്രതിമാസ വരുമാനമാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ പ്രാഥമിക മൊഴി.
കൂടാതെ, യാത്രാ ആവശ്യങ്ങൾക്കായി കരുതിവെച്ചതാണ് യു.എസ് ഡോളറെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഔദ്യോഗിക വരുമാനത്തേക്കാൾ 63 ശതമാനം അധിക സമ്പാദ്യം ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ കോടതിയിൽ രണ്ടു ദിവസങ്ങൾക്ക് മുൻപ് എഫ്.ഐ.ആർ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പരിശോധനയിൽ പിടിച്ചെടുത്ത ഇന്ത്യൻ രൂപയും വിദേശ കറൻസിയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

