തിരുവനന്തപുരം: ലോകായുക്ത യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ട് ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗമെന്നും, പിണറായി വിജയന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. തിരുവനന്തപുരത്ത് വെച്ച് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്തയും ഉപലോകായുക്തമാരും അടങ്ങിയ ഉന്നതതല യോഗം ചേര്‍ന്നത് ജനാധിപത്യ വിരുദ്ധവും ഗൗരവകരവുമായ നടപടിയാണെന്നായിരുന്നു പിണറായി വിജയന് ഫേസ്ബുക്കില്‍ വിമര്‍ശിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ഈ നടപടി നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള ശ്രമമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു.
“കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഞാന്‍ കൂടി പങ്കെടുത്ത ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്,” എന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ സമാനമായ രീതിയില്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2006 ആഗസ്റ്റ് 1-ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്ന്റെ അധ്യക്ഷതയില്‍ ലോകായുക്ത യോഗം ചേര്‍ന്നിരുന്നു. അന്നത്തെ ലോകായുക്ത ജസ്റ്റിസ് കെ ശ്രീധരന്, ഉപലോകായുക്തമാരായ ജസ്റ്റിസ് എന്‍ കൃഷ്ണന് നായര്‍, ജസ്റ്റിസ് കെ എ മുഹമ്മദ് ഷാഫി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് 2014 ജൂലായ് 27-നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സമാനമായ യോഗം നടന്നിട്ടുണ്ടെന്നും, അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഹോം സെക്രട്ടറിയും ലോ സെക്രട്ടറിയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ 23-നാണ് താന്‍ പങ്കെടുത്ത യോഗം നടന്നത്.
ജസ്റ്റിസ് അനില്‍ കുമാര്‍, ജസ്റ്റിസ് അശോക മേനോന്, ജസ്റ്റിസ് ഷേര്‍സി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലം, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് ടി ആസിഫ് ആലി, ലോ സെക്രട്ടറി പി എന്‍ വിനോദ്, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി എം ഗീതാ, വിജിലന്‍സ് അഡീഷണല്‍ സെക്രട്ടറി ജോസ്സി കളത്തിങ്കല്‍, ലോകായുക്ത രജിസ്ട്രാര്‍ ഇ ബൈജു തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത്തരം യോഗങ്ങള്‍ സ്വാഭാവികമാണെന്നും, കഴിഞ്ഞ പത്തുവര്‍ഷമായി ലോകായുക്തയുമായി ബന്ധപ്പെട്ട
സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകായുക്തയുടെ ഭാഗത്തുനിന്നും താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യോഗം ചേര്‍ന്നത്:
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍/ഹര്‍ജികള്‍, 1999-ലെ കേരള ലോകായുക്ത നിയമത്തിലെ 7(3)-ാം വകുപ്പ് പ്രകാരം അന്വേഷണത്തിനായി കേരള ലോകായുക്തയ്ക്ക് കൈമാറണം.
കേരള ലോകായുക്തയുമായി ബന്ധപ്പെട്ട
കോടതിയലക്ഷ്യ നടപടിക്രമങ്ങള്‍ (Contempt Rules) തയ്യാറാക്കുന്നത് വേഗത്തിലാക്കണം.
ലോകായുക്തയുടെ സ്പെഷ്യല്‍ അറ്റോര്‍ണി ഓഫീസിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
ലോകായുക്തയുടെ അന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി വാഹനങ്ങള്‍ വാങ്ങണം.
ലോകായുക്തയുടെ അന്വേഷണ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം അലവന്‍സ് അനുവദിക്കണം.
ലോകായുക്തയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നത് വേഗത്തിലാക്കണം.
‘കേരള ലോകായുക്ത (സ്വത്തുവിവര പ്രസ്താവന സമര്‍പ്പിക്കല്‍) ഭേദഗതി ചട്ടങ്ങള്‍, 2024’ വിജ്ഞാപനം ചെയ്യുന്നത് വേഗത്തിലാക്കണം.
യാത്രാബത്ത (T.A.) സംബന്ധിച്ച പരമാവധി പരിധിയില്‍ (ceiling limit) ഇളവ് നല്‍കണം.
കേരള ലോകായുക്തയുടെ പ്രവര്‍ത്തനം ഡിജിറ്റല്വല്ക്കരിക്കണം. “ബഹുമാനപ്പെട്ട
പിണറായി വിജയന് കണ്ണടച്ച് ഇരുട്ടാക്കിയാല്‍ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ,” എന്ന് പറഞ്ഞുകൊണ്ടാണ് രമേശ് ചെന്നിത്തല തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

