വിൽപനയ്ക്കായി ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന എട്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടിയിലായി. ലഹരിവസ്തുക്കൾക്കെതിരെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പ്രതികൾ അറസ്റ്റിലായത്.
വെസ്റ്റ് ബംഗാൾ രാമകൃഷ്ണ പള്ളി സ്വദേശിയായ സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ കലികൻ സ്വദേശിയായ അമരേശ്വർ ബെഹ്റ (32) എന്നിവരാണ് കോഴിക്കോട് സിറ്റി ഡാൻസാഫും കോഴിക്കോട് ടൗൺ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം, ഇത് പ്രതികളുടെ പുതിയാപ്പയിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
പുതിയാപ്പ ഹാർബർ, ബീച്ച്, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളിൽ നിന്നും ലഹരിമരുന്ന് വാങ്ങുന്നവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർ തഹസീം, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, അപർണ, കോഴിക്കോട് സിറ്റി ഡാൻസാഫ് എ.എസ്.ഐ അഖിലേഷ്. കെ, സിവിൽ പോലീസ് ഓഫീസർമാരായ സുനോജ്, ശ്രീശാന്ത്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

