തൊഴിൽപരമായ ആവശ്യങ്ങൾക്കായി മറ്റൊരു നഗരത്തിലേക്ക് യാത്ര തിരിച്ച യുവതി, താമസം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എയർബിഎൻബി ബുക്കിംഗ് റദ്ദാക്കിയത് വലിയ ചർച്ചയാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചത്.
രാത്രി പത്ത് മണിയോടെ വിമാനം ലാൻഡ് ചെയ്യുന്നതിനാൽ, ഓഫീസിന് അടുത്തുള്ളതും സ്വയം ചെക്ക്-ഇൻ ചെയ്യുവാൻ സൗകര്യമുള്ളതുമായ ഒരിടമാണ് യുവതി തെരഞ്ഞെടുത്തിരുന്നത്. ബുക്കിംഗിന് ശേഷം ആക്സസ് കോഡ് ലഭിക്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് മുൻകൂട്ടി അയച്ചുനൽകണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു.
സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ നേരിട്ടെത്തുമ്പോഴാണ് തിരിച്ചറിയൽ രേഖ നൽകേണ്ടതെങ്കിലും, ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായിരിക്കാം എന്ന കരുതലിൽ യുവതി രേഖകൾ അയച്ചുനൽകി. എന്നാൽ യാത്ര തിരിക്കുന്ന ദിവസം താമസസ്ഥലത്തിന്റെ ഉടമയിൽ നിന്ന് വാട്ട്സ്ആപ്പ് കോൾ വന്നെങ്കിലും യുവതിക്ക് അത് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.
തുടർന്ന്, “ആക്സസ് കോഡ് ലഭിക്കുന്നതിനായി ഈ നമ്പറിലേക്ക് ഐഡി അയക്കുക” എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് യുവതി വീണ്ടും ഐഡി കാർഡ് അയച്ചുകൊടുത്തു. ഇതിന് മറുപടിയായി ഉടമ അയച്ച സന്ദേശമാണ് യുവതിയെ ആശങ്കയിലാഴ്ത്തിയത്.
ഐഡി കാർഡിലെ ഫോട്ടോ കണ്ട ഉടൻ തന്നെ “സുന്ദരി” എന്ന് ഉടമ സന്ദേശമയക്കുകയായിരുന്നു.
ഈ അനുഭവം യുവതിയിൽ കടുത്ത ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. തന്റെ തിരിച്ചറിയൽ രേഖകളും താൻ തനിച്ചാണെന്ന വിവരവും രാത്രി വൈകിയാണ് എത്തുന്നതെന്ന യാഥാർത്ഥ്യവും ഉടമയ്ക്ക് അറിയാമെന്നത് ആശങ്ക ഇരട്ടിയാക്കി.
തുടർന്ന് ചെക്ക്-ഇൻ കോഡ് ലഭിച്ചിട്ടും അവിടെ പോകാൻ യുവതി തയ്യാറായില്ല. “സന്ദേശം കണ്ടതും എനിക്ക് വളരെ അസ്വസ്ഥത തോന്നി.
തുടർന്ന് അവിടെയുള്ള താമസം റദ്ദാക്കി, ഇരട്ടി തുക നൽകി മറ്റൊരു ഹോട്ടലിൽ മുറിയെടുത്തു. റദ്ദാക്കൽ സമയം കഴിഞ്ഞതിനാൽ പണം തിരികെ ലഭിക്കില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെ ചെയ്തത്.
അയാൾ ഒരുപക്ഷേ ഉദ്ദേശിച്ചത് വഷളത്തരമായിരിക്കില്ല, എങ്കിലും എന്റെ സുരക്ഷയെക്കുറിച്ചുള്ള തീരുമാനമെടുക്കാൻ ഞാൻ നിർബന്ധിതയായി,” എന്ന് യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. യുവതിയുടെ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.
സ്വന്തം സുരക്ഷ മുൻനിർത്തി എടുത്ത തീരുമാനം തികച്ചും ശരിയാണെന്നാണ് നെറ്റിസെൻസുകളുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

