ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൂറിച്ച്–ഡൽഹി വിമാനത്തിന്റെ കോ പൈലറ്റിനെ, യാത്രയ്ക്ക് തൊട്ടുമുൻപ് നടത്തിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്–ഡൽഹി വിമാനത്തിലെ പൈലറ്റ് സമാനമായ രീതിയിൽ ലഹരി പരിശോധനയിൽ പിടിയിലായി ആഴ്ചകൾ പിന്നിടുന്നതിനിടയിലാണ് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.
സെപ്റ്റംബർ ആറിനാണ് സൂറിച്ചിൽ ഈ സംഭവം നടക്കുന്നത്. ഔദ്യോഗിക നടപടികളുടെ ഭാഗമായി അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന്, ഡൽഹിയിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് കോ പൈലറ്റിനെ വിമാനത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ഇയാൾ പരാജയപ്പെട്ടതായി വ്യക്തമാക്കിയ എയർ ഇന്ത്യ, സൂറിച്ചിൽ തന്നെ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് കോ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.
വൈദ്യപരിശോധനയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ സംഭവത്തെ തുടർന്ന് വിമാനത്തിന് നിശ്ചിത സമയത്ത് സർവീസ് നടത്താൻ സാധിച്ചിരുന്നില്ലെന്നും അടുത്ത ദിവസമാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വെച്ചുപൊറുപ്പിക്കില്ലെന്ന് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകളും കർശന പരിശോധനകളും പതിവായി നടത്തിവരുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഓഗസ്റ്റ് 4ന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന മറ്റൊരു എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കവെ പെട്ടെന്ന് 300 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഈ അപകടത്തിൽ 20-ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പരിശോധനയിലുമാണ് ആ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

