സംസ്ഥാനത്ത് കാലവർഷത്തിലുണ്ടായ വ്യതിയാനം വയനാട്ടിലെ നെൽകർഷകരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. വന്യമൃഗ ശല്യം, ഉയർന്ന കൂലിച്ചെലവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, കൃഷിയിലെ നഷ്ടം തുടങ്ങിയ വിവിധ കാരണങ്ങളാൽ നൂറുകണക്കിന് കർഷകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നെൽക്കൃഷിയിൽ നിന്ന് പിൻമാറിയത്.
ഇതിനിടയിലും പ്രതിസന്ധികളോട് പടപൊരുതിയും നഷ്ടം സഹിച്ചും കൃഷി തുടരുന്ന കർഷകർക്കാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനം കനത്ത തിരിച്ചടിയായിരിക്കുന്നത്. കർക്കടകം, ചിങ്ങം മാസങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചിരുന്നില്ല.
സാധാരണയായി കന്നി മാസത്തിൽ ഒറ്റപ്പെട്ട കനത്തമഴ ഇടവിട്ട് ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി പലയിടത്തും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല.
മഴ ഇനിയും ശക്തമായില്ലെങ്കിൽ നാട്ടി നടത്തിയ പാടങ്ങൾ പൂർണ്ണമായി കരിഞ്ഞുണങ്ങും എന്നതാണ് നിലവിലെ ആശങ്കാജനകമായ സാഹചര്യം. മാനന്തവാടി താലൂക്കിലെ തൃശ്ശിലേരി മേഖലയിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിലെ മുത്തുമാരിയിലെ പാടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങിക്കൊണ്ടിരിക്കുകയാണ്.
മതിയായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തത് ഇവിടുത്തെ നെൽക്കൃഷിയെ അതീവ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുത്തുമാരി പാടശേഖര സമിതിക്ക് കീഴിൽ വരുന്ന അശവൻകൊല്ലി, കൊടുകളം, കുളിർമാവ്, നുച്ചിക്കണ്ടി വയലുകൾ കടുത്ത വരൾച്ചയുടെ പിടിയിലാണ്.
തിരുനെല്ലി പഞ്ചായത്തിലെ ഏറ്റവും മികച്ച പാടശേഖരങ്ങളിലൊന്നായ ഇവിടെ ഏകദേശം 150 ഏക്കറോളം വയലുകളിലാണ് ഇൗ വർഷവും നെൽക്കൃഷി ഇറക്കിയിട്ടുള്ളത്. എന്നാൽ, ഞാറുനട്ട
പാടങ്ങൾ ഇപ്പോൾത്തന്നെ വിണ്ടുകീറി കിടക്കുന്ന അവസ്ഥയിലാണ്. കാലവർഷം ചതിച്ചതോടെ മഴ ലഭിക്കാതെ നൂറോളം കർഷകരും അവരുടെ കുടുംബാംഗങ്ങളും കടുത്ത ആശങ്കയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
നിലവിൽ വയലിനു സമീപത്തുകൂടി കടന്നുപോകുന്ന കാക്കത്തോടിൽ നിന്ന് വെള്ളം പമ്പുചെയ്ത് വയലിലെത്തിച്ചാണ് കർഷകർ നെൽക്കൃഷി സംരക്ഷിക്കാൻ ശ്രമിക്കുന്നത്. നെൽക്കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് മൂലം ഇവിടെ പുഞ്ചക്കൃഷി ചെയ്യാറില്ല.
പൂർണ്ണമായും മഴയെ ആശ്രയിച്ചുള്ള നഞ്ചക്കൃഷി മാത്രമാണ് ഈ പ്രദേശത്തെ കർഷകർ ചെയ്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

