പരോളിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കാലയളവിൽ കംബോഡിയയിൽ നിന്നും പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കുന്നതിനായി ഹരിയാനയിലെ കൊടുംകുറ്റവാളിയായ മെയ്ൻപാൽ ധില്ലയ്ക്ക് (45) പഞ്ചാബ്– ഹരിയാന ഹൈക്കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു.
ജജ്ജർ – ഗുരുഗ്രാം റോഡിലെ ഒരു ഫാം ഹൗസിലായിരുന്നു ഈ വിവാഹച്ചടങ്ങ് നടത്തിയത്. മൂന്നു കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഹിസാർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മെയ്ൻപാൽ ധില്ല, കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് വിവാഹ വേദിയിൽ എത്തിച്ചേർന്നത്.
കൊലപാതകം ഉൾപ്പെടെ 22ഓളം കേസുകളിൽ പ്രതിയായ ഇയാൾ 2018-ൽ പരോളിൽ പുറത്തിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് വ്യാജ രേഖകൾ നിർമ്മിച്ച് കംബോഡിയയിലേക്ക് കടക്കുകയും ചെയ്തു.
അവിടെ വെച്ചാണ് മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് അവിടെ ഒരുമിച്ച് ജീവിച്ചു വന്ന ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.
ഈ മക്കളും വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തതായാണ് വിവരം പുറത്തുവരുന്നത്.
കംബോഡിയയിലേക്ക് പലായനം ചെയ്ത ധില്ല സിയം റീപ് എന്ന പ്രദേശത്ത് ഒരു നൈറ്റ് ക്ലബ് നടത്തിവരികയായിരുന്നു. അവിടെ പൗരത്വത്തിനായി ശ്രമം നടത്തുന്നതിനിടയിൽ സിബിഐയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
2019-ൽ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഹരിയാന പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

