വിദേശയാത്രകളിൽ നേരിടേണ്ടി വരുന്ന വിസ തടസ്സങ്ങളെയും ഇന്ത്യൻ പാസ്പോർട്ടിന്റെ നിലവിലുള്ള പരിമിതികളെയും ശക്തമായി വിമർശിച്ച് തെലുങ്കാനയിൽ നിന്നുള്ള സംരംഭകൻ രംഗത്ത്. ഹൈദരാബാദ് സ്വദേശിയും ‘കോസിഫാംസ്.ഇൻ’ (CozyFarms.in) സ്ഥാപകനുമായ ജിതേന്ദ്ര എംമാനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വ്യാപകമായി ചർച്ചയാകുന്നത്.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഭൂരിഭാഗം രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നും, വിസയ്ക്കായി അപേക്ഷിച്ചാൽ തന്നെ ആയിരക്കണക്കിന് പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “നമ്മുടെ പാസ്പോർട്ട് തീർത്തും ഉപയോഗശൂന്യമാണ്.
ദിവസങ്ങളോളം വിസയ്ക്കായി കാത്തിരിക്കുകയോ ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ സമർപ്പിക്കുകയോ ചെയ്യാതെ നല്ലൊരു രാജ്യത്തേക്ക് പോലും പോകാൻ സാധിക്കുന്നില്ല,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. യു.എസിലെ നോർത്തേൺ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ജിതേന്ദ്ര എംമാനി, സാധുതയുള്ള യു.എസ് വിസ കൈവശമുണ്ടെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ യാത്രാാനുമതി ലഭിക്കുമെങ്കിലും അത് നേടിയെടുക്കുന്നത് ഏറെ സങ്കീർണ്ണമാണെന്ന് വ്യക്തമാക്കി.
“സാധുതയുള്ള യുഎസ് വിസ കൈവശം വെക്കുക എന്നതാണ് പലരും ഉപയോഗിക്കുന്ന കുറുക്കുവഴി. എന്നാൽ ഒരു ഇന്ത്യൻ പാസ്പോർട്ടുമായി വിദേശരാജ്യങ്ങളിൽ പ്രവേശിക്കാൻ നമുക്ക് എന്തിനാണ് യു.എസ് സ്റ്റാമ്പിന്റെ സഹായം വേണ്ടിവരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
ഈ യാത്രാപ്രതിസന്ധിയാണ് പല ഇന്ത്യക്കാരെയും മറ്റ് രാജ്യങ്ങളുടെ പൗരത്വം നേടാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷം തോറും ഉയർന്ന തുക നികുതി അടച്ചിട്ടും യാത്രകളിൽ തനിക്ക് യാതൊരുവിധ മുൻഗണനയോ ആനുകൂല്യമോ ലഭിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിവർഷം 75 ലക്ഷം മുതൽ 1 കോടി രൂപ വരെ പ്രത്യക്ഷ – പരോക്ഷ നികുതിയായി താൻ നൽകുന്നുണ്ടെങ്കിലും, രാജ്യത്തിനകത്തോ അന്താരാഷ്ട്രതലത്തിലോ അതിന്റെതായ യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂതകാലത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നിർത്തി സ്വന്തം രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ നാം തുടക്കം കുറിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
സെപ്റ്റംബർ 22, 2026-ൽ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

