പാപ്പിനിശ്ശേരി∙ റോഡിലെ കുണ്ടും കുഴിയും കാരണം എപ്പോഴും ഗതാഗതകുരുക്കുണ്ടാകുന്ന വളപട്ടണം പാലത്തിനു നടുവിൽ കെഎസ്ആർടിസി ബസ് കേടായതോടെ യാത്രക്കാർ പെരുവഴിയിലായത് 4 മണിക്കൂർ. രാവിലെ 8.30ന് കണ്ണൂർ ഭാഗത്തേക്കു വരികയായിരുന്ന ബസാണ് യന്ത്രത്തകരാർ കാരണം നിന്നത്.
ഇതോടെ പാലത്തിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം പൂർണമായും താറുമാറായി.
നിയന്ത്രണം ലംഘിച്ചു പലരും കടന്നുവന്നതോടെ കുരുക്ക് വർധിച്ചു. പള്ളിക്കുളം മുതൽ വേളാപുരം വരെ വാഹനങ്ങളുടെ നീണ്ട
നിരയായി. പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ നിന്നുമെത്തിയ വാഹനങ്ങൾക്ക് ചുങ്കത്ത് നിന്നു ദേശീയപാതയിലേക്ക് കടക്കാനായില്ല.
വിദ്യാർഥികളും ജോലിക്കു പോകുന്നവരുമാണ് ഏറെ പ്രയാസപ്പെട്ടത്. ചിലയിടങ്ങളിൽ ഓട്ടോറിക്ഷത്തൊഴിലാളികളും നാട്ടുകാരും ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
തകരാറിലായ ബസ് ഒരു മണിക്കൂറിനു ശേഷമാണ് പാലത്തിൽ നിന്നു മാറ്റിയത്. ഗതാഗതക്കുരുക്ക് തീർന്നത് 12.30നും.
വളപട്ടണം പാലത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. രാവിലെയും വൈകിട്ടും പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം പഴയ ടോൾ ബൂത്ത് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്.
മഴ മാറിയാൽ ഉടൻ പാലത്തിൽ ഓവർലേ ടാറിങ് നടത്തുമെന്നു അറിയിച്ചിട്ടു 2 മാസം കഴിഞ്ഞു. ദേശീയപാത വേളാപുരം മുതൽ ഹൈവേ ജംക്ഷൻ വരെ മാത്രമാണ് നിലവിൽ ഓവർലേ ടാറിങ് നടത്തിയിട്ടുള്ളത്.
തിരക്കേറിയ സമയങ്ങളിൽ ദീർഘദൂര ചരക്കുവാഹനങ്ങളെ കടത്തിവിടുന്നതിലുള്ള നിയന്ത്രണവും നടപ്പിലാകുന്നില്ല. പാലത്തിലെ വഴിവിളക്കുകൾ പ്രകാശിക്കുന്നുമില്ല.
ഇതോടെ പാലത്തിലൂടെയുള്ള രാത്രിയാത്ര ഏറെ ദുരിതമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

