ഉത്തർപ്രദേശിലെ അസംഗഢിൽ ദാരുണമായ കൂട്ടക്കൊലപാതകം. അസംഗഢിലെ ശംഭുഗഞ്ച് ഗ്രാമത്തിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ ഭാര്യയെയും രണ്ട് പൂജാരിമാരെയും കൊലപ്പെടുത്തി മക്കളെ വീടിനുള്ളിൽ ബന്ദിയാക്കിയ പ്രതി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.
അരവിന്ദ് സിങ് (40) ആണ് പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരവിന്ദിന്റെ ഭാര്യ ബബിത (32), മകൻ ശൗര്യ (8) എന്നിവരാണ് മരണമടഞ്ഞത്.
ഇതിൽ ശൗര്യ പൊലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലാണ് ജീവൻ വെടിഞ്ഞത്. ചടങ്ങിൽ സംബന്ധിക്കാനെത്തിയ മറ്റു രണ്ട് പൂജാരിമാർ യാതൊരു പരുക്കുമേൽക്കാതെ രക്ഷപ്പെട്ടു.
കൂടാതെ, മറ്റ് രണ്ട് കുട്ടികളെ പൊലീസ് സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. വീട്ടിലെ ദോഷങ്ങൾ മാറ്റുന്നതിനായുള്ള പൂജാകർമ്മങ്ങൾ നടത്തുന്നതിനായാണ് അരവിന്ദിന്റെ അമ്മ പൂജാരിമാരെ വീട്ടിലേക്ക് ക്ഷണിച്ചത്.
എന്നാൽ ഈ ചടങ്ങിനെ ശക്തമായി എതിർത്ത അരവിന്ദ്, പൂജാരിമാർ വീട്ടിലേക്ക് പ്രവേശിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൂജ നടക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ പൂജാരിമാർ എത്തിയതിനെ ചോദ്യം ചെയ്യുകയും, തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഭാര്യയും രണ്ട് പൂജാരിമാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെ മൂന്ന് മക്കളുമായി ഒരു മുറിക്കുള്ളിൽ കയറിയ അരവിന്ദ് വാതിൽ അടച്ചുറപ്പിച്ചു.
കുട്ടികളെ ബന്ദികളാക്കിയതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. അരവിന്ദിനോട് കീഴടങ്ങാൻ പൊലീസും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അയാൾ വഴങ്ങിയില്ല.
മുറിക്കുള്ളിൽ നിന്നും തുടർച്ചയായി വെടിയൊച്ചകൾ കേട്ടതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും തുടർന്ന് അകത്തേക്ക് ഇരച്ചുകയറുകയും ചെയ്തു. ഈ സമയം പ്രതിയായ അരവിന്ദ് കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർത്തു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്റെ വെടിവയ്പ്പിൽ അരവിന്ദിന് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരണപ്പെട്ടത്.
പിതാവിന്റെ വെടിയേറ്റാണ് കുഞ്ഞായ ശൗര്യക്ക് ഗുരുതര പരുക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഈ ഏറ്റുമുട്ടലിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

