സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി നിർണായക ഉത്തരവ് പുറത്തിറങ്ങി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.
വിജയൻ ആണ് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയത്. എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ)മാർ ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്നാണ് സർക്കുലറിലെ പ്രധാന വ്യവസ്ഥ.
അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ തന്നെ, സേനയിലെ എല്ലാ അംഗങ്ങൾക്കും ഈ അവധി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് മേധാവികൾ ഉറപ്പുവരുത്തണം. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഔദ്യോഗിക ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വ്യക്തിപരമായ അത്യാവശ്യങ്ങൾ പൂർത്തീകരിക്കാനും ഉദ്യോഗസ്ഥർക്ക് അവസരം ഒരുക്കുകയാണ് ഈ പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട
പ്രധാനപ്പെട്ട അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് യാതൊരു തടസ്സവുമില്ലാതെ അവധി അനുവദിക്കണം.
വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട ആ ആഴ്ചയിലെ അവധി യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്നും എ.ഡി.ജി.പി സർക്കുലറിൽ കർശനമായി എടുത്തുപറഞ്ഞിട്ടുണ്ട്.
സർക്കാരിന്റെ ഈ പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് പോലീസ് സേനാംഗങ്ങൾ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

