ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സുപ്രധാനമായ വ്യാപാര കരാറിന് കളമൊരുങ്ങുന്നു. ഇന്ത്യ– ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ വരുന്ന ഒക്ടോബർ 20ന് വിജയദശമി ദിനത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തി.
നീണ്ട 9 മാസത്തെ ചർച്ചയ്ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് 2025 ഡിസംബറിൽ കരാർ അന്തിമമാക്കിയത്.
കരാർ നിലവിൽ വരുന്നതോടെ ഒക്ടോബർ 20നു തന്നെ ഇന്ത്യയിൽ നിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8,284 ഇനങ്ങൾ) തീരുവരഹിതമായി മാറും. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തിയിരുന്നത്.
ഇതിൽ തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ടായിരുന്നു. മറുവശത്ത്, ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസീലൻഡിൽ നിന്നുള്ള 30% ഉൽപന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാക്കപ്പെടും. ഇതിൽ മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്.
അതേസമയം, ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമായി കുറയും. ഇന്ത്യയ്ക്കുള്ള പ്രധാന നേട്ടങ്ങൾ * പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വീസകൾ ലഭിക്കും.
ഇതിൽ 1,446 വീസകളും 13 മെഡിക്കൽ എൻജിനീയറിങ് പോലുള്ള സ്കിൽഡ് മേഖലകൾക്കായി മാറ്റിവെച്ചിരിക്കുന്നു.
* അടുത്ത 15 വർഷത്തിനിടയിൽ ന്യൂസീലൻഡിൽ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയിലേക്ക് എത്തും.
* ന്യൂസീലൻഡിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇനി മുതൽ പ്രതിവാരം 20 – 25 മണിക്കൂർ വരെ ജോലിചെയ്യാനുള്ള അനുവാദമുണ്ട്.
* ന്യൂസീലൻഡിൽ ഹ്രസ്വകാലത്തേക്കു വന്നു ജോലി ചെയ്യാനായി ഇന്ത്യക്കാർക്ക് ഓരോ വർഷവും 1,000 ‘വർക് ആൻഡ് ഹോളിഡേ’ വീസകൾ അനുവദിക്കും.
* കിവി, ആപ്പിൾ, തേൻ ഉൽപാദനത്തിൽ ഇന്ത്യൻ കർഷകർക്ക് വൈദഗ്ധ്യം നൽകുന്നതിനായി പ്രത്യേകമായി ന്യൂസീലൻഡ് അഗ്രി–ടെക്നോളജി ആക്ഷൻ പ്ലാൻ നടപ്പിലാക്കും.
* ന്യൂസീലൻഡിൽ ബിരുദം പൂർത്തിയാക്കിയവർക്ക് 2 വർഷവും പിഎച്ച്ഡി ചെയ്തവർക്ക് 4 വർഷവും അവിടെ ജോലി തുടരാൻ അനുമതി ലഭിക്കും.
* ഇന്ത്യൻ മരുന്നുകൾക്ക് രാജ്യാന്തര ഏജൻസികളുടെ ക്ലിയറൻസ് അംഗീകരിക്കപ്പെടും. കൂടാതെ ഓർഗാനിക് ഉൽപന്നങ്ങളും പരസ്പരം അംഗീകരിക്കും.
ഇന്ത്യ–കാനഡ വ്യാപാരക്കരാർ ചർച്ചകൾ അതിവേഗം ഇതിനുപുറമെ, ഇന്ത്യ–കാനഡ സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകളും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് ചർച്ച വരുന്ന ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള നാലാം റൗണ്ട് ചർച്ച ഇക്കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ സമാപിച്ചത്.
ഈ വർഷത്തിനുള്ളിൽ തന്നെ എല്ലാത്തരം ചർച്ചകളും പൂർത്തിയാക്കി കരാർ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1,700 കോടി ഡോളറിന്റേതാണ്.
ഇത് 2030ഓടെ മൂന്നരട്ടിയിലേറെ വർധിപ്പിച്ച് 5,000 കോടി ഡോളറാക്കി ഉയർത്താനാണ് ഇരു സർക്കാരുകളും ലക്ഷ്യമിടുന്നത്. മുൻപ് കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത്, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരച്ചർച്ചകളിൽ വിള്ളൽ വീണിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

