സ്മാർട്ട്ഫോണിന്റെ പിൻ നമ്പറോ പാസ്വേഡോ ഓർമ്മയില്ലെങ്കിൽ ഡാറ്റ മുഴുവൻ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് ഉടൻ പരിഹാരമായേക്കുമെന്ന് സൂചന. പതിവായി ഫേസ് അൺലോക്ക് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിക്കുന്നതിനാൽ പലപ്പോഴും ഉപയോക്താക്കൾ പുതിയ ഡിവൈസ് സജ്ജീകരിക്കുമ്പോൾ നൽകുന്ന പിൻ നമ്പർ പിന്നീട് മറന്നുപോകാറുള്ളത് സാധാരണമാണ്.
സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്ക് ശേഷമോ ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോഴോ സുരക്ഷയുടെ ഭാഗമായി ആൻഡ്രോയിഡ് പിൻ നമ്പർ ചോദിക്കാറുണ്ടെങ്കിലും പലർക്കും ആ സമയത്ത് അത് ഓർത്തെടുക്കാൻ സാധിക്കാറില്ല. നിലവിൽ പിൻ നമ്പറോ പാസ്വേഡോ പൂർണ്ണമായും മറന്നുപോയാൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ല.
ബാക്ക് അപ്പ് ചെയ്യാത്ത ഡാറ്റയെല്ലാം നഷ്ടപ്പെടുകയും പിന്നീട് ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഡിവൈസ് വീണ്ടും സെറ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന ഈ സാഹചര്യം ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ഉടൻ തന്നെ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗൂഗിൾ.
ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആൻഡ്രോയിഡിന്റെ പുതിയ അപ്ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് പിൻ നമ്പറിന് പകരം ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് വഴി ഡിവൈസിന്റെ ഉടമസ്ഥത സ്ഥിരീകരിക്കാൻ ഈ ഫീച്ചർ സഹായിക്കും.
അതുവഴി ഫാക്ടറി റീസെറ്റ് ചെയ്ത് ഡാറ്റ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബിൽഡിലെ ഡിവൈസ് അൺലോക്ക് വിഭാഗത്തിലാണ് ‘Unlock with Google account’ എന്ന പുതിയ ഓപ്ഷനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തിയിട്ടുള്ളത്.
“നിങ്ങളുടെ പിൻ നമ്പറോ പാസ്വേഡോ മറന്നുപോയാൽ, ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഡിവൈസ് അൺലോക്ക് ചെയ്യുക” എന്നാണ് ഇതിന്റെ വിവരണമായി നൽകിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഈ ഫീച്ചർ ഡിഫോൾട്ടായി ഓഫ് ചെയ്ത നിലയിലായിരിക്കും ഉണ്ടായിരിക്കുക.
ഉപയോക്താക്കൾക്ക് തങ്ങളുടെ സെറ്റിങ്സിൽ പോയി ഇത് മാനുവലായി എനേബിൾ ചെയ്യാൻ സാധിക്കും. ഫോണും ഗൂഗിൾ അക്കൗണ്ട് വിവരങ്ങളും ഒരേസമയം മറ്റാരെങ്കിലും കൈക്കലാക്കിയാൽ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകരുതൽ.
നിലവിൽ ഈ ഫീച്ചർ പൂർണ്ണമായി പ്രവർത്തനക്ഷമമായിട്ടില്ലെങ്കിലും വരാനിരിക്കുന്ന ആൻഡ്രോയിഡ് അപ്ഡേറ്റുകളിൽ ഗൂഗിൾ ഇത് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

