സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നമ്മളില്‍ പലരും ഭവന വായ്പകള്‍ എടുക്കുന്നത്. എന്നാല്‍ വരുമാനം വര്ധിക്കാതിരിക്കുകയും ചിലവുകള്‍ കൂടുകയും, ഒപ്പം വായ്പയുടെ പലിശ നിരക്ക് ഉയരുകയും ചെയ്യുമ്പോള്‍ പ്രതിമാസ അടവ് വലിയൊരു മാനസിക സമ്മര്‍ッドレスമായി മാറാറുണ്ട്.
ഇഎംഐ അടവ് എന്നത് സഹിച്ചേ തീരൂ എന്ന ചിന്ത മാറ്റിവെച്ച്, ഈ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. തുടക്കം എവിടെ നിന്ന്?
എന്തൊക്കെ മാറ്റങ്ങളാണ് വായ്പയില്‍ വന്നിട്ടുള്ളതെന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.
നിങ്ങളുടെ ലോണ്‍ സ്റ്റേറ്റ്മെന്റ് എടുത്ത്, അടച്ചുതീര്‍ക്കാനുള്ള ബാക്കി തുക, നിലവിലെ പലിശ നിരക്ക്, ഇഎംഐ, ബാക്കിയുള്ള കാലയളവ് എന്നിവ പരിശോധിക്കുക. ഫ്ലോട്ടിങ് റേറ്റില്‍ വായ്പ എടുത്തവരാണെങ്കില്‍ പലിശ നിരക്ക് ഉയരുമ്പോള്‍ ഇഎംഐ തുകയോ വായ്പാ കാലയളവോ അല്ലെങ്കില്‍ ഇവ രണ്ടുമോ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
റിസര്‍വ് ബാങ്ക് നല്കുന്ന ഓപ്ഷനുകള്‍
പലിശ നിരക്കുകള്‍ മാറുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ചില ഓപ്ഷനുകള്‍ നല്‍കേണ്ടതുണ്ട്. ഇഎംഐ വര്‍ധിപ്പിക്കുക, വായ്പാ കാലാവധി നീട്ടുക, അല്ലെങ്കില്‍ ഇവ രണ്ടും കൂടി ചെയ്യുക, ഫിക്സഡ് റേറ്റിലേക്ക് മാറുക, വായ്പയുടെ ഒരു ഭാഗം മുന്‍കൂറായി അടയ്ക്കുക എന്നിവയാണ് ആ ഓപ്ഷനുകള്‍.
കാലാവധി നീട്ടുന്നത് ഗുണകരമാണോ?
വായ്പാ കാലാവധി നീട്ടുന്നത് പ്രതിമാസ ബജറ്റില്‍ അല്പം ആശ്വാസം നല്‍കും. ഉദാഹരണത്തിന്, 50 ലക്ഷം രൂപ അടച്ചുതീര്ക്കാനുണ്ടെങ്കില്, വായ്പാ കാലാവധി നീട്ടുമ്പോള്‍ പ്രതിമാസ ഇഎംഐ ഭാരം കുറയും.
എന്നാല്‍ ഇതിലൊരു വലിയ കുരുക്കുണ്ട്. കൂടുതല്‍ കാലം വായ്പ അടക്കേണ്ടി വരുന്നതിനാല്‍ മൊത്തത്തില്‍ നിങ്ങള്‍ അടയ്ക്കുന്ന പലിശയുടെ തുക വളരെ വലുതായിരിക്കും.
അതായത് വായ്പയുടെ മൊത്തം ചിലവ് വര്‍ധിക്കും. മുന്‍കൂറായി അടയ്ക്കാം
കയ്യില്‍ അധികമായി പണമെത്തുകയാണെങ്കില്‍ (ബോണസ് രൂപത്തിലോ, കാലാവധി പൂര്‍ത്തീകരിച്ച സ്ഥിരനിക്ഷേപത്തില്‍ നിന്നോ മറ്റോ) വായ്പയുടെ ഒരു ഭാഗം മുന്‍കൂറായി അടയ്ക്കുന്നത് നല്ലതാണ്.
ഇത് നിങ്ങളുടെ ഭാവിയിലെ പലിശ ഭാരം കുറയ്ക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തുക ഇതിനായി എടുക്കരുത്.
ബാങ്ക് മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാം
നിങ്ങള്‍ നിലവില്‍ അടയ്ക്കുന്ന പലിശ നിരക്ക് കൂടുതലാണോ എന്ന് ബാങ്കുമായി സംസാരിച്ച് മനസ്സിലാക്കുക. വലിയ വായ്പാ തുകകളില്‍ ചെറിയൊരു പലിശ വ്യത്യാസം പോലും വലിയ മാറ്റമുണ്ടാക്കും.
മറ്റ് ബാങ്കുകള്‍ വളരെ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ വായ്പ അങ്ങോട്ടേക്ക് മാറ്റാവുന്നതാണ്. എന്നാല്‍ ഇതിന് മുന്‍പ് പ്രോസസിങ് ഫീസ്, രേഖകള്‍ ശരിയാക്കാനുള്ള ചിലവ് എന്നിവ കണക്കാക്കണം.
പലിശയില്‍ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിലോ, വായ്പ തീരാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലോ ബാങ്ക് മാറ്റുന്നത് ലാഭകരമായിരിക്കില്ല. ഫിക്സഡ് റേറ്റിലേക്ക് മാറിയാലോ?
ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഫ്ലോട്ടിങ് റേറ്റില്‍ നിന്ന് ഫിക്സഡ് റേറ്റിലേക്ക് മാറാനും സാധിക്കും.
ഇത് ഇഎംഐ തുക കൃത്യമായി കണക്കാക്കാന്‍ സഹായിക്കുമെങ്കിലും എപ്പോഴും ലാഭകരമാകണമെന്നില്ല. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്, അത് എത്ര കാലത്തേക്ക് സ്ഥിരമായിരിക്കും, മാറാനുള്ള ചാര്‍ജുകള്‍ എന്നിവ പരിശോധിക്കണം.
ഭാവിയില്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെങ്കില്‍, മുന്‍കൂട്ടി ഫിക്സഡ് റേറ്റിലേക്ക് മാറുന്നത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കാം. ഈ തെറ്റുകള്‍ ചെയ്യരുത്
ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകളോ ഉയര്‍ന്ന പലിശയുള്ള പേഴ്സണല്‍ ലോണുകളോ ഉപയോഗിക്കരുത്.
ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. അതിന് പകരം, നിങ്ങളുടെ എല്ലാ പ്രതിമാസ ബാധ്യതകളും പരിശോധിച്ച് ഉയര്‍ന്ന പലിശയുള്ള മറ്റ് വായ്പകള്‍ ഉണ്ടെങ്കില്‍ ആദ്യം അവ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക.
ഇത് പ്രതിമാസ ബജറ്റ് മെച്ചപ്പെടുത്താന്‍ സഹായിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് പണം കരുതുക
കയ്യില്‍ കിട്ടുന്ന അധിക പണം മുഴുവന്‍ ഭവനവായ്പയിലേക്ക് അടയ്ക്കരുത്.
അത്യാവശ്യങ്ങള്‍ക്കും അടിയന്തര ഘട്ടങ്ങള്‍ക്കും എപ്പോഴും പണം കയ്യില്‍ കരുതണം. പെട്ടെന്ന് വരുമാനം നിലയ്ക്കുകയോ വലിയൊരു ചിലവ് വരികയോ ചെയ്താല്‍ ഇത് ഉപയോഗിക്കാം.
ബാങ്കുമായി സംസാരിക്കാം
മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടും കണക്കുകള്‍ ശരിയാകുന്നില്ലെങ്കില്‍ ഇഎംഐ മുടങ്ങുന്നതിന് മുന്‍പ് തന്നെ ബാങ്കുമായി സംസാരിക്കുക. വായ്പ കുടിശ്ശികയാകുന്നതിന് മുന്‍പ് തന്നെ ലഭ്യമായ മറ്റ് പരിഹാരങ്ങളെക്കുറിച്ച് ബാങ്കുമായി ചര്‍ച്ച ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
ഈ മാസത്തെ ഇഎംഐ എങ്ങനെയെങ്കിലും അടയ്ക്കുക എന്നതല്ല, മറിച്ച് കുടുംബ ബജറ്റ് താളംതെറ്റാതെ കൊണ്ടുപോവുക എന്നതാണ് പ്രധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

