പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ പെരുനാട് ജലവൈദ്യുത പദ്ധതിയുടെ അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് കക്കാട്ടാർ തീരത്തുള്ള ഒട്ടേറെ കുടുംബങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ.
മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മൺകൂന കാരണം പദ്ധതിയുടെ ജലസംഭരണ ശേഷി പകുതിയായി കുറഞ്ഞിരിക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും ആറിന്റെ തീരത്തുള്ള വീടുകളിൽ വെള്ളം കയറുന്നത് ഇവിടെ പതിവായി മാറിയിട്ടുണ്ട്.
സംഭരണിയിൽ അടിഞ്ഞുകൂടി കിടക്കുന്ന കോടിക്കണക്കിനു രൂപ വിലമതിക്കുന്ന മണൽ ശേഖരം ഉടൻ ലേലം ചെയ്തു നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പെരുനാട് പഞ്ചായത്തിലെ 12, 13 വാർഡുകളിലായി ഉൾപ്പെടുന്ന കിഴക്കേ മാമ്പാറ, കണ്ടംകുളം, നെടുമൺ, ഫോറിൻപടി, മണിയാർ, മൂഴിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ അൻപതോളും കുടുംബങ്ങളാണ് വർഷങ്ങളായി കാലവർഷക്കെടുത്തിയിൽ ദുരിതം അനുഭവിക്കുന്നത്.
അൻപത് മീറ്ററിൽ കുറയാതെ വീതിയും 15 മുതൽ 30 അടി വരെ ആഴവും ഉണ്ടായിരുന്ന ആറിന്റെ ആഴം ഇപ്പോൾ 10 അടി പോലും ഇല്ലെന്നാണ് സ്ഥലവാസികൾ വ്യക്തമാക്കുന്നത്. മണിയാർ ജലവൈദ്യുത പദ്ധതി മുതൽ മണിയാർ കാർബോറാണ്ടം പദ്ധതിയുടെ സമീപം വരെയുള്ള പത്തോളം സ്ഥലങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന വൻ മണൽക്കൂനകൾ ആറ്റിലെ സ്വാഭാവിക നീരൊഴുക്കിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ഈ മൺകൂനകൾ കാരണം പലയിടത്തും കക്കാട്ടാർ ഗതിമാറിയാണ് ഒഴുകുന്നത്. അമ്മാൾക്കയം, തൊണ്ടിക്കയം, നെടുതോട്ടിക്കയം തുടങ്ങിയ ഭാഗങ്ങളിൽ ആഴം തീർത്തും കുറഞ്ഞുപോയിട്ടുണ്ട്.
പെരുനാട് കേന്ദ്രീകരിച്ച് എവിടി റബർ തോട്ടം വിദേശികൾ നിയന്ത്രിച്ചിരുന്ന കാലം മുതൽ ഈ പ്രദേശങ്ങളിൽ ജനവാസമുണ്ട്. എന്നാൽ, ജലവൈദ്യുത പദ്ധതിയുടെ വരവോടെയാണ് വെള്ളപ്പൊക്ക ഭീഷണി ഇവിടെ സ്ഥിരം സംഭവമായി മാറിയതെന്ന് പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന എ.തോമസ് വെള്ളാക്കുഴി (88) പറയുന്നു.
കാലവർഷ സമയത്ത് ഒഴുകിയെത്തുന്ന അധികജലവും ചെളിയും മണ്ണും സുഗമമായി ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങൾ ഇല്ലാതെയണ് പെരുനാട് ജലവൈദ്യുത പദ്ധതി നിർമിച്ചിട്ടുള്ളതെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ഏതാനും മണിക്കൂറുകൾ മഴ പെയ്താൽ പോലും കക്കാട്ടാർ ഈ ഭാഗത്ത് കരകവിയുന്ന സാഹചര്യമാണുള്ളത്.
കണ്ടംകുളം, മൂഴിക്കൽ, നെടുമൺ ഭാഗങ്ങളിലായി എട്ട് വീടുകളിൽ സ്ഥിരമായി വെള്ളം കയറുന്നുണ്ട്. മാമ്പാറ–കണ്ടംകുളം–മണിയാർ റോഡിലെ ഗതാഗതവും ഇതുമൂലം തടസ്സപ്പെടുന്നു.
റോഡിൽ ചെളിയും എക്കൽമണ്ണും നിറയുന്നതിനാൽ വെള്ളം താഴ്ന്നാലും ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത ദുസ്ഥിതിയാണ് നിലവിലുള്ളത്. പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തുനിന്ന് ആവശ്യമായ സ്ഥലം വൈദ്യുതി ബോർഡ് ഏറ്റെടുത്തിരുന്നില്ല.
തുടർച്ചയായി വെള്ളം കയറുന്നതുമൂലം ഈ പ്രദേശത്തെ കൃഷിയും വലിയ പ്രതിസന്ധിയിലാണ്. കക്കാട്ടാറിനോടു ചേർന്നുള്ള ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളിലാണ് മണൽ അടിഞ്ഞുകൂടി കിടക്കുന്നത്.
വെള്ളം കയറി നാശനഷ്ടങ്ങൾ നേരിട്ട സ്ഥലമുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബി നടപടികൾ സ്വീകരിക്കണം.
കൂടാതെ, പ്രളയത്തിൽ അപകടഭീഷണി നേരിടുന്ന മാമ്പാറ–മണിയാർ–മഠത്തുംമൂഴി-നെടുമൺ റോഡ് ഉയർത്തി സംരക്ഷണഭിത്തി നിർമിച്ചു സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ തടയണയിലെ സ്ലൂയിസ് വാൽവ് തുറന്നാൽ നിലവിലുള്ള മണൽക്കൂനകൾ താഴേക്ക് ഒഴുകിമാറുമെങ്കിലും, സ്ലൂയിസ് വാൽവ് തുറന്നിട്ട് ഏറെ നാളുകളായി.
“പെരുനാട് പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും പ്രതിസന്ധി ഇവിടെ ഉണ്ടാകുന്നത്. ഘട്ടംഘട്ടമായി റോഡുകൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്.
ആറ് നികന്ന് വെള്ളം ഒരു വശത്തേക്കു വരുമ്പോൾ ഈ കരയിലെ തിട്ട ഇടിയുകയാണ്.
ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടാണ്. ചെറിയ തോതിൽ മഴ പെയ്താൽ പോലും വീടുകളിൽ വെള്ളം കയറും.
ഇതിനുനൊരു പരിഹാരം ഉണ്ടാകണം. ഒന്ന് മണൽ നീക്കണം, രണ്ട് അശാസ്ത്രീയമായി നിർമിച്ച ഡാമിന്റെ പ്രതിസന്ധി നീക്കണം.
അല്ലെങ്കിൽ പദ്ധതിക്കായി ഈ വീടുകൾ എല്ലാം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം.” എന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ പ്രസന്നൻ പറഞ്ഞു. “പെരുനാട് പദ്ധതി അശാസ്ത്രീയമായാണു നിർമിച്ചിരിക്കുന്നത്.
മുകളിൽനിന്ന് ഒഴുകി എത്തുന്ന മണലും ചെളിയും ഒഴുകി പോകാൻ മാർഗം ഇല്ലാതെ കെട്ടി കിടക്കുകയാണ്. ആറിന്റെ താഴ്ച കുറഞ്ഞതോടെ ചെറിയ മഴയത്തു പോലും വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.
ഈ പ്രദേശത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആറ്റിൽ കെട്ടിക്കിടക്കുന്ന മണൽ നീക്കം ചെയ്യാനുള്ള നടപടി ഉണ്ടാകണം.” എന്ന് കണ്ടംകുളം വെള്ളാക്കുഴി വീട്ടിലെ സ്ഥലവാസി രാജു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

