മാന്നാർ ∙ അച്ചൻകോവിലാറിന്റെ കൈവഴിയായ ചെന്നിത്തല പുത്തനാറ്റിൽ തിട്ടയിടിച്ചിൽ അതിരൂക്ഷമായതിനെത്തുടർന്ന് സമീപവാസികൾ ഭീതിയിൽ. അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴയ്ക്ക് പടിഞ്ഞാറ് ആരംഭിക്കുന്ന പുത്തനാറ് പൂർണമായും കടന്നുപോകുന്നത് ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിലൂടെയാണ്.
പാടശേഖരങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് ജലമെത്തിക്കുന്നതിനൊപ്പം പ്രദേശവാസികളുടെ പ്രധാന ജലസ്രോതസ്സുകൂടിയാണ് പുത്തനാറ്. ആറിന്റെ ഒരു കിലോമീറ്ററിനുള്ളിൽ വിവിധ ഭാഗങ്ങളിലായി ഇതിനോടകം കരയിടിഞ്ഞുതാണിട്ടുണ്ട്.
മുണ്ടുവേലിക്കടവ് പാലത്തിന് വടക്കുഭാഗത്താണ് കരയിടിച്ചിൽ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ആറിന്റെ അതിർത്തിയിൽ നിന്നിരുന്ന വൻമരങ്ങൾ കരയിടിച്ചലിനെത്തുടർന്ന് വെള്ളത്തിലേക്ക് പതിച്ചു.
ഇത് ജലാശയത്തിലൂടെയുള്ള വള്ളങ്ങളുടെ സഞ്ചാരത്തിനും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മുണ്ടുവേലിക്കടവ് പാലത്തിന്റെ തെക്കുഭാഗത്തുള്ള കാങ്കേരി ദ്വീപിന്റെ ചില ഭാഗങ്ങൾ 2018ലെ മഹാപ്രളയത്തിൽ ആറ്റിലേക്ക് ഒലിച്ചുപോയിരുന്നു.
പിന്നീട് ഈ പ്രദേശം കരിങ്കല്ല് ഉപയോഗിച്ച് ബലപ്പെടുത്തി കെട്ടിയതിനാൽ ഇവിടെ മാത്രം വലിയ തോതിലുള്ള തിട്ടയിടിച്ചിൽ ഒഴിവാക്കാനായിട്ടുണ്ടെന്ന് പഞ്ചായത്തംഗം തോമസ്കുട്ടി കടവിൽ വ്യക്തമാക്കി. എന്നാൽ, ഇതിനുശേഷമുള്ള ശേഷിക്കുന്ന ഭാഗങ്ങളിലാണ് നിലവിൽ അപകടാവസ്ഥ നിലനിൽക്കുന്നത്.
തുടർച്ചയായി തിട്ടയിടിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭാഗങ്ങൾ അടിയന്തരമായി കരിങ്കല്ല് കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ സമീപത്തുള്ള നിരവധി വീടുകൾ ആറ്റിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ ഭീഷണി ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പുത്തനാറിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

