കാസർകോട്ട് എൺപതുകാരനായ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ പിടിയിലായി. മലപ്പുറം മേലാറ്റൂർ എടയാറ്റൂർ ചുറകുത്ത് ഹൗസിൽ വി.ഷംസാദ് ചുറകുത്ത് ആണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ അധികൃതരുടെ പിടിയിലായത്.
1,19,35,000 രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതികൾ തട്ടിയെടുത്തത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള തീയതികളിലാണ് തട്ടിപ്പ് അരങ്ങേറിയത്.
കാസർകോട് നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലും വാട്സാപ് വഴി വിഡിയോ കോളിലും ബന്ധപ്പെട്ട സംഘം മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. തുടർന്ന് കേസിൽനിന്ന് ഒഴിവാക്കുമെന്നും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി പണം കൈമാറണമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തത്.
ഡോക്ടറുടെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് ഡിസംബർ 17ന് 46,25,000 രൂപ നാഗാലാൻഡിലെ പുരാന ബസാർ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതിൽ 9,60,000 രൂപ പ്രതിയായ ഷംസാദിന്റെ മഞ്ചേരി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലെത്തിയതായും, ഇതിൽ ഒൻപത് ലക്ഷം രൂപ ചെക്ക് വഴി പിൻവലിച്ച് ചെലവഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതി വിദേശത്തേക്ക് കടന്നതായി വ്യക്തമായതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2026 സെപ്റ്റംബർ 17ന് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ്, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥർ ആരുംതന്നെ വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ഇല്ലെന്നും ഇത്തരം കോളുകൾ വന്നാൽ ഉടൻ ഫോൺ വിച്ഛേദിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ പോർട്ടൽ വഴിയോ വിവരം അറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

