പണിമുടക്കുകളിലൂടെ ഗുണകരമായി ഒന്നും നേടാനില്ലെന്ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരോട് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വരുന്ന 28-ാം തീയതി ആരംഭിക്കുന്ന പണിമുടക്കിനു മുന്നോടിയായി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് മന്ത്രാലയം ഈ പരാമർശം നടത്തിയിരിക്കുന്നത്.
സമരത്തിൽ നിന്ന് ജീവനക്കാർ പൂർണ്ണമായും പിന്മാറണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന അഭ്യർത്ഥന. ഇതിന്റെ ഭാഗമായി ഇന്നലെ പൊതുമേഖലാ ബാങ്ക് മേധാവികളുടെ പ്രത്യേക യോഗവും ധനമന്ത്രാലയം വിളിച്ചുചേർത്തിരുന്നു.
സമരത്തിൽ ജീവനക്കാർ പങ്കെടുക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ബാങ്ക് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായി ജീവനക്കാരുടെ വിവിധ യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 30-ാം തീയതി ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കാനിരിക്കെ, ഈ ദിവസങ്ങളിലെ പണിമുടക്ക് സാധാരണക്കാരുടെ ഇടപാടുകളെയും ബാങ്കിങ് മേഖലയെയും സാരമായി ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് വരുന്ന 28, 29, 30 തീയതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) ദേശീയതലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തൊട്ടുമുൻപുള്ള ശനിയും ഞായറും ഉൾപ്പെടെ തുടർച്ചയായി അഞ്ചു ദിവസങ്ങളോളം ബാങ്കുകൾ അടഞ്ഞുകിടക്കാനാണ് നിലവിലെ സാധ്യത. സമരത്തിന്റെ പശ്ചാത്തലത്തിൽ ഇൻസെന്റീവ് സ്കീം തൽക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രവൃത്തിദിനങ്ങൾ വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

