തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ കടുത്ത വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പി.എസ്. സഞ്ജീവ് രംഗത്ത്.
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ചെലവ് സ്പോൺസർമാരാണ് വഹിക്കുന്നത് എന്ന വിശദീകരണത്തെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം സ്വീകരിച്ച് യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നത്” എന്ന് സഞ്ജീവ് കുറ്റപ്പെടുത്തി. ആരാണ് ഈ സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത യുഡിഎഫ് കേന്ദ്രങ്ങൾ, വിമർശനം ഉന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ അഴിമതിക്കാർ തയ്യാറായാലും യുഡിഎഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയോ ബജറ്റോ സെക്രട്ടറിയേറ്റോ ഒന്നും ഇല്ലാതെ സ്പോൺസർഷിപ്പിലൂടെ ഭരണം നടത്തുന്നതാണ് യുഡിഎഫ് ശൈലിയെന്നും, ഇതാണോ യുഡിഎഫ് മുന്നോട്ടുവെക്കുന്ന ഭരണ മാതൃകയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പി.എസ്.
സഞ്ജീവ് ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

