സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ വിജയത്തിന് പിന്നാലെ വിപണിയിലിറക്കാൻ ലക്ഷ്യമിട്ട മിന്നൽ മാജിക് പദ്ധതി കടുത്ത അനിശ്ചിതത്വത്തിൽ.
മേനോൻപാറയിലെ ചിറ്റൂർ ഷുഗേഴ്സ് പ്ലാന്റിൽ ആവശ്യത്തിന് സ്പിരിറ്റും അനുബന്ധ ഘടകങ്ങളും സ്റ്റോക്ക് ചെയ്തു വെച്ചിട്ടുണ്ടെങ്കിലും, ഉൽപാദനം ഇതുവരെ ആരംഭിക്കാത്തത് ഖജനാവിന് കോടികളുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഇടതുമുന്നണി സർക്കാരിന്റെ അവസാനകാലഘട്ടമായ 2026 ഫെബ്രുവരിയിലാണ് ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.
പ്രതിദിനം 9,000 കെയ്സ് മദ്യം നിർമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം കുറിച്ചതെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നടപടികൾ മന്ദഗതിയിലായി. തുടർന്ന് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പലവിധ ലൈസൻസുകളും കാലാവധി കഴിഞ്ഞുപോയത് അധികൃതർക്ക് വീണ്ടും തിരിച്ചടിയായി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോഴേക്കും ചിറ്റൂർ ഷുഗേഴ്സ് പ്ലാന്റിലെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായിരുന്നു. നിലവിൽ രണ്ടര ലക്ഷത്തോളം ലീറ്റർ സ്പിരിറ്റും, ബ്ലെൻഡിംഗിനുള്ള സാമഗ്രികളും, കുപ്പികളും പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ട്.
എന്നിട്ടും നിർമാണ പ്രവർത്തനങ്ങൾ എന്തുകൊണ്ട് വൈകുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വകാര്യ മദ്യക്കമ്പനികളുടെ ഭാഗത്തുനിന്നും പദ്ധതി അട്ടിമറിക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നതായി ആരോപണങ്ങളുണ്ട്.
പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് പലതവണ തടസ്സവാദങ്ങൾ ഉന്നയിച്ചതും ഫയൽ നീക്കം ബോധപൂർവം വൈകിപ്പിച്ചതും ശക്തമായ മദ്യമാഫിയയുടെ സ്വാധീനം മൂലമാണെന്നാണ് സൂചന. പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ യന്ത്രസാമഗ്രികളുടെ വാറന്റി കാലാവധി അധികം വൈകാതെ അവസാനിക്കും.
നിർമാണം വൈകുന്നത് ഈ വിലകൂടിയ ഉപകരണങ്ങൾ കേടുവരാൻ ഇടയാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, താൽക്കാലിക ജീവനക്കാരെ കുടുംബശ്രീ വഴി നിയമിക്കുന്നത് സംബന്ധിച്ച ചില തർക്കങ്ങളാണ് പ്ലാന്റ് തുറക്കുന്നതിന് തടസ്സമായി നിൽക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ബ്രാൻഡ് നാമം മാറ്റണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. വിശദമായ പഠനത്തിന് ശേഷം മാത്രമേ മദ്യനിർമാണം ആരംഭിക്കുകയുള്ളൂ എന്ന് മന്ത്രി എം.ലിജു വ്യക്തമാക്കിയെങ്കിലും, അദ്ദേഹം ചുമതലയേറ്റ് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പ്ലാന്റ് സന്ദർശിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

