പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ ക്രമസമാപനം ഉറപ്പാക്കുന്നതിന്റെയും കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും ഭാഗമായിടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം പ്രവർത്തനമാരംഭിച്ചു. ക്ഷേത്രനഗരിയെ പൂർണ്ണമായും കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ നിലവിൽ ഗുരുവായൂരിൽ തെരുവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സമീപകാലത്തായി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട
ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ടത് ഗൗരവത്തോടെ കണ്ടാണ് പോലീസ് ഇത്തരമൊരു പ്രത്യേക നിരീക്ഷണ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. രാത്രി 10 മണി മുതൽ 12 മണി വരെയാണ് നഗരത്തിൽ പ്രധാന പരിശോധനകൾ നടക്കുന്നത്.
ഈ സമയങ്ങളിൽ തെരുവിൽ കഴിയുന്നവരുടെയും സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന അപരിചിതരുടെയും പേരുവിവരങ്ങളും ഫോട്ടോയും പോലീസ് ശേഖരിച്ച് രേഖപ്പെടുത്തി വെക്കും. പരിശോധനയിൽ കണ്ടെത്തുന്ന വ്യക്തികളെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്.
ഇതിൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വീടുവിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കണ്ടെത്തി അവരുടെ കുടുംബങ്ങളിലേക്ക് തിരികെ അയക്കാനുള്ള നടപടികൾ കൈക്കൊള്ളും.
കൂടാതെ, അവശരും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരുമായ വ്യക്തികളെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ പുനരധിവസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. “ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്” എന്ന് ഗുരുവായൂർ എ.സി.പി.
എം. സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളെ നേരിട്ട് ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പെട്രോളിംഗ് സംവിധാനം കേരളത്തിൽ തന്നെ ആദ്യമായാണെന്ന് പോലീസ് അവകാശപ്പെടുന്നു.
ക്ഷേത്രവളപ്പിൽ പോലീസിനൊപ്പം ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും, പുറംപ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിനിധികളും പരിശോധനാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകും. ഒരു സംഘത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക.
ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി.
ജയപ്രദ് ആണ് ഈ പ്രത്യേക ടീമിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

