തിരുവനന്തപുരം: മാസങ്ങളായി കോതയാർ പരിസരവാസികളുടെ ഉറക്കം കെടുത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ വലയിലായി. 300 കിലോയോളം ഭാരമുള്ള കൂറ്റൻ മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സാഹസികമായി പിടികൂടിയത്.
ഏഴുമാസം മുമ്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് തന്നെ നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറിയിരുന്നു.
തുടർന്ന് മുതലയെ പിടികൂടുന്നതിനായി തമിഴ്നാട് വനംവകുപ്പ് ഊർജ്ജിത നടപടികളാണ് സ്വീകരിച്ചുവന്നത്. ഇതിനായി ചെന്നൈയിൽ നിന്ന് പ്രത്യേക വിദഗ്ധ സംഘവും പ്രദേശത്തെത്തിയിരുന്നു.
മുതല സ്ഥിരമായി കാണപ്പെട്ട പ്രദേശങ്ങളിൽ കോഴിയെയും ആടിനെയും ഇരയായി വെച്ച് പലതവണ കെണിയൊരുക്കിയെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവയൊന്നും ഫലം കണ്ടില്ല.
തുടർന്ന് ദൗത്യസംഘം പ്രദേശത്ത് നടത്തിയ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മുതലയുടെ സ്ഥിരം സഞ്ചാരപഥങ്ങൾ കണ്ടെത്തുകയും അവിടെ പ്രത്യേക വലകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ തൃപ്പരപ്പിന് സമീപം ആറിന്റെ തീരത്തോട് ചേർന്ന് സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു.
തുടർന്ന് കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ മുതലയെ കരയ്ക്കെത്തിച്ചു. കൂറ്റൻ മുതലയെ പിടികൂടിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്.
നിലവിൽ മുതലയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ ഇനി എങ്ങോട്ട് മാറ്റണമെന്ന കാര്യം വനംവകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.
അതേസമയം, വർഷങ്ങൾക്ക് മുമ്പ് ഇതേ പ്രദേശങ്ങളിൽ മുതലക്കുഞ്ഞിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതം പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നതാണ്. എന്നാൽ അന്ന് അത് വ്യാജ വീഡിയോ ആണെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

