സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല.
കൂടാതെ, മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് വൈദ്യുതിയും മുടങ്ങും. പല ജില്ലകളിലും മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മഴയും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതയും കാരണം കഴിഞ്ഞ ദിവസം നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു. എങ്കിലും സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വിവിധ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ആണവ-താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലെ അനിശ്ചിതത്വവും തുടരുന്നുണ്ട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 10 രൂപയ്ക്ക് മുകളിൽ വിലവന്നാലും വൈദ്യുതി വാങ്ങുന്നതിന് തടസ്സമില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ ആശ്വാസത്തിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പലയിടങ്ങളിലും മൂന്നുതവണ വൈദ്യുതി തടസ്സപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപഭോഗം 97.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
പീക്ക് ടൈമിൽ 4785 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

