സംസ്ഥാനത്ത് വീണ്ടും ജലവിതരണ പൈപ്പ് തകർന്നതായി റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പാണ് വീണ്ടും പൊട്ടിയത്.
ഞായർ വൈകിട്ട് 4.30ന് തുറവൂർ പറവൂർ റീച്ച് നടക്കുന്ന തുറവൂർ ജംക്ഷനിലാണ് സംഭവം ഉണ്ടായത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് പാഴായിപ്പോയത്.
വെള്ളം റോഡിലേക്ക് ശക്തമായി കുത്തിയൊലിക്കുകയായിരുന്നു. വിവരമറിഞ്ഞ് ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പമ്പിങ് നിർത്തിവെക്കുകയാണുണ്ടായത്.
മാക്കേക്കടവ് ശുദ്ധജല സംഭരണിയിൽ നിന്നു പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന 450 എംഎം ജിആർപി പൈപ്പാണ് ഇവിടെ തകർന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നിവിടങ്ങളിലേക്കു പോകുന്ന പൈപ്പിന്റെ വാൽവ് അടച്ചതിനെ തുടർന്നാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ചത്.
എന്നാൽ ഞായർ വൈകിട്ട് 7 മണി ആയിട്ടും പൈപ്പ് പൊട്ടിയ ഭാഗത്തെ വെള്ളം പൂർണ്ണമായി താഴ്ന്നിട്ടില്ല. സംഭവത്തെ തുടർന്ന് 21 മുതൽ 25 വരെ മൂന്ന് പഞ്ചായത്തുകളിൽ ശുദ്ധജലം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉയരപ്പാത നിർമാണത്തിന്റെ അപ്രോച്ച് റോഡിന്റെയും തൂണുകളുടെയും നിർമാണം നടക്കുന്ന തുറവൂർ ജംക്ഷന് തെക്കുഭാഗത്താണ് പൈപ്പ് തകർന്നത്. പാത നിർമാണത്തിന്റെ ഭാഗമായി ടൺകണക്കിന് ഭാരമുള്ള യന്ത്രങ്ങൾ പൈപ്പ് പോകുന്നതിന്റെ മുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ഇതു കൂടാതെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൈലിങ് നടത്തുന്നതിനായി കുഴിയെടുക്കുന്ന ജോലിയും ഇവിടെ നടക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലുമാകും പൈപ്പ് പൊട്ടാൻ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
അധികൃതർ നിർമാണ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉത്തരവാദികളായ കരാറുകാർ ഫോൺ എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഒറ്റപ്പുന്ന മുതൽ അരൂർ വരെ ഇരുപതിലേറെ തവണയാണ് സമാന രീതിയിൽ പൈപ്പ് പൊട്ടിയത്.
കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശത്ത് അടിക്കടി പൈപ്പ് പൊട്ടുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
പൈപ്പ് പൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്ക് 1.25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
തുറവൂർ ജംക്ഷന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളവും ചെളിയും ഇരച്ചെത്തുകയായിരുന്നു. ഒരു മെഡിക്കൽ സ്റ്റോറിലേക്കുപോലും പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
തുറവൂർ സ്വദേശി അനിൽ ജിത്തിന്റെ ഉടമസ്ഥതയിലുള്ള നടീപ്പറമ്പിൽ മെഡിക്കൽ സ്റ്റോറിലേക്കു വെള്ളം കയറിയതോടെ 30,000 രൂപയുടെ നഷ്ടമാണുണ്ടായത്. സമീപത്തുള്ള അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ഗോഡൗണിലെ പേപ്പറുകളും മറ്റ് സാമഗ്രികളും വെള്ളത്തിലായി.
ഇവർക്ക് 50,000 രൂപയുടെ നാശനഷ്ടമുണ്ടായി. സന്തോഷിന്റെ ഉടമസ്ഥതയിലുളള ശാന്തി ബിൽഡിങ്ങിലെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സിമന്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ വെള്ളം കയറി നശിച്ചു.
ഇവിടെ 45,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടകളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധം ചെളിക്കുളമായി മാറിയ പ്രദേശം വ്യാപാരികൾ ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

