പത്തനംതിട്ടയിൽ നിന്നും മംഗളൂരുവിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി സർവീസ് വലിയ യാത്രാപ്രശ്നങ്ങളാണ് നേരിടുന്നത്. മംഗളൂരുവിൽനിന്ന് മടങ്ങി വരുന്ന വഴികളിലുണ്ടായ സാങ്കേതിക തടസ്സങ്ങളും മറ്റ് അസൗകര്യങ്ങളും കാരണം യാത്രക്കാർക്ക് കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്.
മഴയെത്തുടർന്ന് ബസ് ചോർന്നൊലിച്ചതിനെ തുടർന്ന് തൃശൂരിൽ വെച്ച് വാഹനം മാറ്റേണ്ടി വരികയും, ഒടുവിൽ മൂന്ന് വ്യത്യസ്ത ബസുകൾ മാറിമാറിക്കയറി നിശ്ചയിച്ച സമയത്തിലും രണ്ടര മണിക്കൂർ വൈകിയാണ് യാത്രികർ പത്തനംതിട്ട ഡിപ്പോയിൽ എത്തിച്ചേർന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട യാത്രയിൽ വാഹനത്തിന്റെ തകരാറുകളും പെർമിറ്റ് സംബന്ധമായ പ്രശ്നങ്ങളും കാരണം നാല് ഡിപ്പോകളിൽ വെച്ച് ബസുകൾ മാറ്റേണ്ടി വന്നിരുന്നു.
ഇതുമൂലം അഞ്ച് മണിക്കൂറോളം വൈകിയാണ് യാത്രാ സംഘം മംഗളൂരുവിൽ എത്തിയത്. ഈ ദുരിതയാത്രയിൽ കോളേജ് വിദ്യാർത്ഥികളും ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ തീർഥാടകരും ഉൾപ്പെട്ടിരുന്നു.
തുടർന്ന് ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയുള്ള മടക്കയാത്രയിലും യാത്രക്കാർക്ക് വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നു. പെർമിറ്റ് ഇല്ലാത്ത കാരണത്താൽ ശനിയാഴ്ച കാസർകോട് ഡിപ്പോയിലെ എസിപി 196 നമ്പർ ബസിലാണ് യാത്രക്കാർ മംഗലാപുരത്ത് എത്തിയത്.
ഞായറാഴ്ചത്തെ മടക്കയാത്രയും ഇതേ ബസിലായിരുന്നു ആരംഭിച്ചത്. എന്നാൽ രാത്രിയോടെ ബസ് കാസർകോട് ഡിപ്പോയിൽ തിരികെ നൽകിയ ശേഷം എസി 127 നമ്പർ ബസിലേക്ക് യാത്രക്കാരെ മാറ്റുകയായിരുന്നു.
തുടർന്ന് പുലർച്ചെ നാല് മണിയോടെ തൃശൂരിലേക്ക് വരുന്ന വഴി കനത്ത മഴയിൽ ബസ് ചോർന്നൊലിക്കാൻ തുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. യാത്രക്കാരിൽ ചിലർ തിരുവനന്തപുരം കൺട്രോൾ റൂമിൽ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് തൃശൂർ ഡിപ്പോയിൽ നിന്ന് ആർടിസി 439 നമ്പർ ഫാസ്റ്റ് ബസ് അനുവദിക്കുകയും യാത്രക്കാർ വീണ്ടും അതിലേക്ക് മാറിക്കയറുകയും ചെയ്യുകയായിരുന്നു. യഥാർത്ഥ സമയപ്രകാരം രാവിലെ ഏഴ് മണിക്ക് എത്തേണ്ടിയിരുന്ന ബസ്, ഈ തടസ്സങ്ങളെല്ലാം കാരണം രാവിലെ 9.30 നാണ് പത്തനംതിട്ട
ഡിപ്പോയിൽ എത്തിച്ചേർന്നത്. ഈ റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തിയിരുന്നത് കെഎസ് 47, കെഎസ് 97 എന്നീ ബസുകളായിരുന്നു.
എന്നാൽ സെൻസർ തകരാറിനെ തുടർന്ന് കെഎസ് 97 നമ്പർ ബസ് ഇപ്പോൾ പത്തനംതിട്ട ഡിപ്പോയിൽ കവിഞ്ഞുകിടക്കുകയാണ്.
മാത്രമല്ല, ഈ ബസുകൾ പലപ്പോഴും ബജറ്റ് ടൂറിസത്തിനായി വിട്ടുനൽകാറുമുണ്ട്. ദീർഘദൂര യാത്രയ്ക്കായി ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്ന ബസുകളല്ല പിന്നീട് സർവീസിനായി എത്തുന്നത് എന്ന ഗുരുതരമായ പരാതിയും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

