എഴു വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളുമായി ദീർഘകാല ഉപയോഗം മുൻനിർത്തി വിപണിയിലെത്തിക്കുന്ന സാംസങ്ങിന്റെ പുതിയ ഗാലക്സി S26 FE ഫോണിന്റെ ബാറ്ററി ലൈഫിൽ ആശങ്ക. യൂറോപ്യൻ പ്രൊഡക്റ്റ് രജിസ്ട്രി ഫോർ എനർജി ലേബലിംഗ് പുറത്തുവിട്ട
കംപ്ലയൻസ് ഡാറ്റ പ്രകാരം SM-S741B മോഡൽ നമ്പറിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഫോണിന്റെ ദീർഘകാല പിന്തുണയെക്കുറിച്ച് പ്രതീക്ഷ നൽകുമ്പോൾ തന്നെ, ഇതിന്റെ ബാറ്ററി ആയുസ്സ് സംബന്ധിച്ച ചില ചോദ്യങ്ങളും പുതിയ കണക്കുകൾ ഉയർത്തുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്ററി ശേഷിയിൽ വലിയ മാറ്റങ്ങളില്ല. മുൻഗാമിയിലേതുപോലെ 4,900mAh ബാറ്ററിയും 45W പീക്ക് വയേർഡ് ചാർജിംഗുമാണ് പുതിയ ഗാലക്സി S26 FE-യിലും സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത്.
3nm എക്സിനോസ് Exynos 2500 പ്രൊസസർ കുറഞ്ഞ പവർ ഉപയോഗിക്കുന്നതിനാൽ ബാറ്ററി ബാക്ക്അപ്പിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ചാർജ് സൈക്കിൾ റേറ്റിംഗിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഫാൻ എഡിഷൻ ഡാറ്റാബേസിൽ 2,000 ചാർജ് സൈക്കിളുകൾ നൽകിയിരുന്ന സ്ഥാനത്ത് പുതിയ ഫോണിന് 1,200 ചാർജ് സൈക്കിൾ റേറ്റിംഗ് മാത്രമാണുള്ളത്. ഒരു ബാറ്ററിക്ക് അതിന്റെ മൊത്തത്തിലുള്ള ശേഷിയുടെ 20 ശതമാനം നഷ്ടപ്പെടുന്നതിന് മുമ്പ് എത്ര തവണ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് സൈക്കിൾ റേറ്റിംഗ് കൊണ്ട് അർത്ഥമാക്കുന്നത്.
സാധാരണയായി ഒരു ഉപയോക്താവ് ദിവസേന ഒരു ഫുൾ സൈക്കിൾ ഉപയോഗിക്കുകയാണെങ്കിൽ, 1,200 നെ 365 കൊണ്ട് ഹരിച്ചാൽ ഏകദേശം 3.28 വർഷത്തിനുള്ളിൽ ബാറ്ററി മാറ്റേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതായത് ഫോണിന് ഏഴ് വർഷത്തെ അപ്ഡേറ്റ് കാലാവധി ഉണ്ടെങ്കിലും, ഇതിന്റെ പകുതി ആകുന്നതിന് മുൻപ് തന്നെ ഉപയോക്താക്കൾക്ക് ബാറ്ററി മാറ്റേണ്ടി വന്നേക്കാം.
ഫോണിന്റെ ബാറ്ററിയുടെ ഘടനയിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും ഈ കുറവ് എങ്ങനെയുണ്ടായി എന്ന് സാംസങ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഗാലക്സി S26, S26 പ്ലസ്, S26 അൾട്രാ എന്നീ മോഡലുകളിലും ഇത്തരത്തിൽ സൈക്കിൾ റേറ്റിംഗ് 2,000-ൽ നിന്ന് 1,200 ആയി കുറഞ്ഞിട്ടുണ്ട്.
യൂറോപ്യൻ റെഗുലേറ്റർമാർക്ക് മുന്നിൽ കമ്പനി കൂടുതൽ യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകൾ സമർപ്പിച്ചതാകാം ഇതിന് കാരണമെന്നാണ് നിഗമനം. ഏഴ് വർഷത്തെ അപ്ഡേറ്റ് കാലയളവിൽ ഈ ഫോൺ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവർ ഇടയ്ക്ക് ബാറ്ററി മാറ്റുന്നതിനായി ഏകദേശം 100 ഡോളർ വരെ മാറ്റിവെക്കേണ്ടി വന്നേക്കാം.
ഔദ്യോഗിക വാറന്റിക്ക് പുറത്തുള്ള സാംസങ് ഗാലക്സി ഫോണുകളുടെ ബാറ്ററി മാറ്റിസ്ഥാപിക്കലിന് സാധാരണയായി 89 ഡോളറിനും 109 ഡോളറിനും ഇടയിലാണ് ചെലവ് വരുന്നത്. ഷിപ്പിംഗ് അല്ലെങ്കിൽ ഡയഗ്നോസ്റ്റിക് ഫീസുകൾ ഇതിൽ ഉൾപ്പെടില്ല.
എങ്കിലും ബാറ്ററി പ്രൊട്ടക്ഷൻ ഫീച്ചറുകൾ ഉപയോഗിച്ച് ഈ 1,200-സൈക്കിൾ റേറ്റിംഗ് കുറച്ചുകൂടി നീട്ടിനൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

