തിരുവല്ല തുകലശേരിയിൽ എംസി റോഡിലുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ജെസിബി ഓപ്പറേറ്ററുടെ സഹായികളായ തലവടി ആനപ്രമ്പാൽ പറമ്പുങ്കൽ അജീഷ് മോഹനൻ (29), ബിഹാർ സ്വദേശി നിയാസ് (28) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 7.45-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലവടി സ്വദേശി അജീഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ തന്നെ അജീഷിന്റെ അന്ത്യം സംഭവിച്ചു.
ഒപ്പമുണ്ടായിരുന്ന നിയാസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. തലവടിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന അജീഷ്, വിദേശത്തേക്ക് ജോലിക്കായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് കല്ലിശ്ശേരിയിൽ ജെസിബി ഓപ്പറേറ്ററുടെ സഹായിയായി ദിവസവേതനത്തിൽ ജോലി ചെയ്തുവന്നിരുന്നത്.
ഇതേ സ്ഥലത്ത് ജോലി ചെയ്യുന്ന നിയാസും അജീഷും ദിവസവും ഒരുമിച്ചായിരുന്നു ജോലിസ്ഥലത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, തലേദിവസം ലഭിച്ച ആയിരം രൂപയിൽ നിന്നും 800 രൂപ അജീഷ് തന്റെ മാതാവിന് നൽകിയിരുന്നു.
തുടർന്ന് യാത്രയ്ക്കിടയിൽ നെടുമ്പ്രത്ത് താമസിക്കുന്ന നിയാസിനെയും കൂട്ടിയാണ് ഇവർ കല്ലിശ്ശേരിയിലേക്ക് പുറപ്പെട്ടത്. അപകടത്തെ തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട
നടപടികൾ പൂർത്തിയാക്കി സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റി. അജീഷിന്റെ സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് 3 മണിക്ക് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും.
അതേസമയം, നിയാസിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡിലെ വിലാസം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

