അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ നൽകിയ അവകാശവാദങ്ങൾ പൊളിയുന്ന നിർണായക രേഖകൾ പുറത്തുവന്നു. വാഴവറ്റയിലെ വിവാദ വീട് തന്റെ പേരിലല്ലെന്ന പ്രതിയുടെ വാദത്തിന് തിരിച്ചടിയായി ജിഎസ്ടി വകുപ്പിന് നൽകിയ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽ നൽകിയ മൊഴിയിലാണ് വാഴവറ്റയിലെ വീടിന്റെ വിലാസം നൽകിയിട്ടുള്ളത്. എക്സൈസ് കേസിൽ കോടതിയിൽ വാദിക്കുമ്പോൾ വീട് തന്റേതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആന്റോ അഗസ്റ്റിനെ കോടതി ഉത്തരവിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യൽ വേളയിലും വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയത്.
ഇതിനിടയിൽ, അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ പിടിയിലായ പ്രതിയെ ബത്തേരി കോടതി 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിലും കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് അദ്ദേഹം ആവർത്തിച്ചത്.
ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണ് വാഴവറ്റയിലെ വീടെന്നും, താൻ മദ്യപിക്കുന്നയാളല്ലാത്തതിനാൽ പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്. ഭാര്യാമാതാവായ ലില്ലിയാണ് ബാങ്ക് ലേലത്തിലൂടെ വസ്തു സ്വന്തമാക്കിയതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.
വീടിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയിൽസ് സർട്ടിഫിക്കട്ട് മാത്രം പര്യാപ്തമല്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. മറുവശത്ത്, പ്രതിയുടെ വാദങ്ങൾ ഖണ്ഡിക്കുന്ന ശക്തമായ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് എക്സൈസ് സംഘം.
പഞ്ചായത്ത് രേഖകൾ പ്രകാരം ഈ വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണ് ഉള്ളത്. കെ എസ് ഇ ബി കണക്ഷൻ ഉൾപ്പെടെയുള്ള എല്ലാ രേഖകളും അദ്ദേഹത്തിന്റെ പേരിൽ തന്നെയാണുള്ളത്.
ഇതിനിടയിൽ, അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തി മീനങ്ങാടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

