തൃശൂർ: ജ്വല്ലറികളിൽ നിന്നും പണം നൽകി വാങ്ങുന്ന സ്വർണാഭരണങ്ങളുടെ തൂക്കവും പരിശുദ്ധിയും ഇനി മുതൽ ഉപഭോക്താക്കൾക്ക് സ്വന്തം മൊബൈൽ ഫോണിലൂടെ പരിശോധിക്കാം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ബിഐഎസ് കെയർ (BIS Care) വഴിയാണ് ആഭരണങ്ങളുടെ ആധികാരികത നേരിട്ട് ഉറപ്പുവരുത്താൻ സാധിക്കുന്നത്.
ആഭരണങ്ങളിൽ ഹാൾമാർക്ക് രേഖപ്പെടുത്തുന്ന വേളയിൽ തന്നെ വിവരങ്ങൾ നേരിട്ട് ബിഐഎസിന് ലഭിക്കുന്നതിനാൽ വ്യാജരേഖകളോ തട്ടിപ്പുകളോ നടക്കാനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കപ്പെടുന്നു. ആഭരണത്തിൽ പതിച്ചിരിക്കുന്ന ആറക്ക ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID) നമ്പർ ആപ്പിൽ രേഖപ്പെടുത്തിയാൽ ഉപഭോക്താക്കൾക്ക് നിരവധി വിവരങ്ങൾ ലഭ്യമാകും.
ആഭരണം വിറ്റ ജ്വല്ലറിയുടെ റജിസ്ട്രേഷൻ നമ്പർ, ഹാൾമാർക്ക് ചെയ്ത പരിശോധനാ കേന്ദ്രത്തിന്റെ വിലാസം, ആഭരണത്തിന്റെ തരം, സ്വർണ്ണത്തിന്റെ പരിശുദ്ധി, കൃത്യമായ ഭാരം, ഹാൾമാർക്ക് ചെയ്ത തീയതി എന്നിവയ്ക്കൊപ്പം ആഭരണത്തിന്റെ ചിത്രങ്ങളും ആപ്ലിക്കേഷനിൽ പ്രത്യക്ഷപ്പെടും. അതേസമയം, ഹാൾമാർക്ക് നിരക്ക് മുൻപ് 45 രൂപയായിരുന്നത് നിലവിൽ 75 രൂപയായി ഉയർത്തിയിട്ടുണ്ട്.
ഇതിന്റെ പത്തുശതമാനം തുക പരിശോധനാ ഏജൻസികൾ റോയൽറ്റിയായി ബിഐഎസിന് നൽകേണ്ടതുണ്ട്. പരിശോധനാ രീതികളിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അതിനുതകുന്ന രീതിയിലുള്ള ഫീസ് വർധന ഉണ്ടായിട്ടില്ലെന്നും ആഭരണങ്ങൾ കർശനമായി പരിശോധിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും വ്യാപാരികൾ ഇതിൽ സഹകരിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റേഴ്സ് കേരള ചാപ്റ്റർ പ്രസിഡന്റ് റഷീദ് ആതിര വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

