കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കരാർ വ്യവസ്ഥകൾ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത ഈ പാതയിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായിട്ടില്ല. മാർച്ച് ഒൻപതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെ 24 മീറ്റർ വീതിയിലും 8.4 കിലോമീറ്റർ നീളത്തിലുമാണ് നാലുവരിപ്പാത നിർമ്മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാത, ഓവുചാൽ, യൂട്ടിലിറ്റി ഡെക്റ്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്ടുകൾ, ഏഴ് സിഗ്നലുകൾ, 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 350 തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. നടപ്പാതയ്ക്ക് പുറത്ത് അരമീറ്റർ വീതിയിൽ മണ്ണിട്ട് ബലപ്പെടുത്തിയ ഇടത്ത് വൈദ്യുതി പോസ്റ്റുകളും ജംഗ്ഷനുകളിൽ കൾവേർട്ടും പദ്ധതിയിലുണ്ടെങ്കിലും, ഡെവലപ്മെന്റ് പ്രൊജക്ട് റിപ്പോർട്ടിൽ (ഡിപിആർ) പറയുന്ന പല സംവിധാനങ്ങളും റോഡിൽ ദൃശ്യമല്ല.
നിർമ്മാണം പൂർത്തിയായ റോഡ് പല ഭാഗങ്ങളിലും നിലവാരം പുലർത്തുന്നില്ല. ഇതോടെ നിർമ്മാണത്തിലെ അപാകതകൾക്കൊപ്പം വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള 5.3 കിലോമീറ്റർ ദൂരത്തിന് 77 കോടി രൂപയാണ് നിർമ്മാണച്ചെലവ് വന്നിട്ടുള്ളത്. അതായത് ഒരു കിലോമീറ്ററിന് 14.5 കോടി രൂപ ചെലവഴിച്ചു.
സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയതിലും കരാർ വ്യവസ്ഥകൾ അട്ടിമറിച്ചതിലുമാണ് പ്രധാനമായും വിജിലൻസ് അന്വേഷണം നടക്കുക. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു കമ്പനിക്ക് നിർമ്മാണ കരാർ നൽകിയതുമായി ബന്ധപ്പെട്ടും നേരത്തെ വ്യാപകമായ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
നിർമ്മാണം 40 ശതമാനം പോലും പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തുറന്നുകൊടുത്ത റോഡിൽ നിർമ്മാണ ജോലികൾ ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

