മുരിങ്ങൂർ ദേശീയപാതയിലൂടെ ആലുവയിലേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് വഴിതെറ്റി ഡിവൈൻനഗർ അടിപ്പാതയിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കുടുങ്ങി. അടിപ്പാതയുടെ മുകൾത്തട്ടിൽ ഉരഞ്ഞ ബസിന് പിന്നീട് മുന്നോട്ടുനീങ്ങാനാകാതെ വരികയായിരുന്നു.
സർവീസ് റോഡിനേക്കാൾ താഴ്ന്ന നിലയിലാണ് ഈ അടിപ്പാതയുടെ അടിവശം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലേക്ക് പ്രവേശിച്ച് കാടുകുറ്റി റോഡ് വഴി യാത്ര തുടരാനായിരുന്നു ബസ് ഡ്രൈവർ ശ്രമിച്ചത്.
എന്നാൽ അടിപ്പാതയുടെ മേൽക്കൂരയിൽ ബസ് തടയുകയായിരുന്നു. തുടർന്ന് ബസ് പുറകോട്ടെടുത്ത് എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി പിന്നീട് യാത്ര തിരിച്ചു.
ബസ് പിന്നോട്ടെടുക്കുന്നതിനിടയിൽ മറ്റ് വാഹനങ്ങൾ എത്തിയതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഏറെ നേത്തെ പരിശ്രമത്തിനൊടുവിലാണ് ബസിനെ അടിപ്പാതയിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞത്.
ഈ സമയം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കേണ്ടി വന്നത്. വ്യാഴാഴ്ച രാവിലെ 11.20-നാണ് ഈ സംഭവം ഉണ്ടായത്.
ഉയരക്കുറവുള്ള ഇത്തരം അടിപ്പാതകൾ വലിയ വാഹനങ്ങൾക്ക് യാതൊരുവിധത്തിലും ഉപകരിക്കുന്നില്ലെന്നാണ് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നത്. ഡിവൈൻ നഗറിന് പുറമെ മുരിങ്ങൂരിലും ചിറങ്ങരിലും നിർമ്മിച്ച അടിപ്പാതകളുടെയും ഉയരം പര്യാപ്തമായ അളവിലല്ലെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
ഇതിനിടെ, കൊരട്ടിയിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ ഉയരം കൂട്ടി നിർമ്മിക്കണമെന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിലെ നിർമ്മാണ ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്ന കടുത്ത നിലപാടിലാണ് ദേശീയപാത അതോറിറ്റി അധികൃതരുള്ളത്.
ഇപ്പോഴത്തെ ഡിസൈൻ പ്രകാരം നിർമ്മാണം പൂർത്തിയാക്കുകയാണെങ്കിൽ, ഭാവിയിൽ ഈ മേൽപ്പാലത്തിന് അടിയിലൂടെ റോഡ് കുറുകെ കടക്കുന്ന വലിയ വാഹനങ്ങൾ വലിയ തോതിൽ ദുരിതം നേരിടേണ്ടി വരുമെന്ന് ഗതാഗത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

