അരൂർ – തുറവൂർ ഉയരപ്പാതയുടെ നിർമാണത്തിൽ നിർണായക പുരോഗതി. പാതയുടെ ഇതുവരെ പൂർത്തിയാകാതെ കിടന്നിരുന്ന ഭാഗത്തെ മേൽത്തട്ട് കോൺക്രീറ്റിങ് ജോലികളാണ് പൂർത്തിയായത്.
അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള ദേശീയപാതയിലാണ് നിർമാണം വിജയകരമായി പൂർത്തീകരിച്ചത്. ഇതോടെ ഉയരപ്പാതയുടെ മുഴുവൻ ഭാഗങ്ങളിലെയും കോൺക്രീറ്റിങ് നടപടികൾ പൂർണതയിലെത്തിയിരിക്കുകയാണ്.
പ്രദേശത്ത് 110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ വൈകിയതാണ് ഈ ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കുന്നതും കോൺക്രീറ്റിങ്ങും നീണ്ടുപോകാൻ ഇടയാക്കിയത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിലും 354 തൂണുകളിലുമാണ് ഉയരപ്പാത നിർമിച്ചിരിക്കുന്നത്.
ഇതോടെ ആദ്യ റേഞ്ചിലെ മേൽത്തട്ട് കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രധാന നിർമാണ ജോലികളാണ് പൂർത്തിയായിരിക്കുന്നത്. കോൺക്രീറ്റിങ് പൂർത്തിയായതിന് പിന്നാലെ മറ്റ് ഭാഗങ്ങളിലെ ടാറിങ് ജോലികൾ അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്.
ആകെ 12.75 കിലോമീറ്റർ നീളമുള്ള പാതയിൽ ഇതിനോടകം 9.5 കിലോമീറ്റർ ഭാഗത്തെ ടാറിങ് പ്രവൃത്തികളാണ് പൂർത്തിയായിട്ടുള്ളത്. ഇനി നാല് കിലോമീറ്റർ ഭാഗത്ത് മാത്രമാണ് ടാറിങ് ബാക്കിയുള്ളത്.
മേൽപ്പാലത്തിൽ ടാറിങ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. നിലവിൽ ഉയരപ്പാതയുടെ കിഴക്ക് ഭാഗത്ത് പില്ലർ 39 മുതൽ 192 വരെയും പടിഞ്ഞാറ് ഭാഗത്ത് പില്ലർ 57 മുതൽ 149 വരെയും ടാറിങ് ജോലികൾ പൂർത്തിയായിട്ടുണ്ട്.
ആകെ ടാറിങ് ജോലികളുടെ 80 ശതമാനത്തിലേറെയും ഇതിനോടകം പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പില്ലർ 25, 26, 27 ഭാഗങ്ങളിലെ കോൺക്രീറ്റിങ് കൂടി പൂർത്തിയാക്കി അവിടെയും അതിവേഗം ടാറിങ് നടത്താനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ഉയരപ്പാതയുടെ സർവീസ് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കാന നിർമാണവും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ഈ വർഷം ഡിസംബർ മാസത്തിനുള്ളിൽ മുഴുവൻ ജോലികളും പൂർത്തീകരിക്കാനാണ് ഊർജിതമായ ശ്രമങ്ങൾ നടക്കുന്നത്.
എന്നാൽ കാന നിർമാണവുമായി ബന്ധപ്പെട്ട് ഒന്നിലേറെ സിവിൽ കേസുകൾ നിലവിലുണ്ട്. കൂടാതെ പാതയോരത്തെ ചില കയ്യേറ്റങ്ങൾ കൂടി ഒഴിപ്പിച്ചാൽ മാത്രമേ കാന നിർമാണം പൂർണ്ണമായി പൂർത്തിയാക്കാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

