കായംകുളം എംഎസ്എം കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്സൻ സ്ഥാനം ഒഴികെയുള്ള മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയം കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് കോളജ് യൂണിയൻ എസ്എഫ്ഐ നിലനിർത്തുന്നത്.
സ്വകാര്യ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്ന വിവരം മറച്ചുവെച്ച് എംകോം പ്രവേശനം നേടിയെന്ന കണ്ടെത്തലിനെ തുടർന്ന്, എസ്എഫ്ഐ ചെയർപഴ്സൻ സ്ഥാനാർഥിയായിരുന്ന അൽ അമീന്റെ പ്രവേശനം സർവകലാശാല റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് കെഎസ്യു– എംഎസ്എഫ് സഖ്യത്തിന്റെ ചെയർപഴ്സൻ സ്ഥാനാർഥി എച്ച്.
ജാസ്മിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അൽ അമീൻ സ്വകാര്യ സ്കൂളിൽ വിദ്യാർഥികൾക്കു കായികപരിശീലനം നൽകുന്നുണ്ടെങ്കിലും അവിടെ സ്ഥിരം അധ്യാപകൻ അല്ലായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
കോളജിൽ പ്രവേശനം നേടിയ ശേഷം കോളജ് സമയം കഴിഞ്ഞാണ് സ്കൂളിൽ എത്തി വിദ്യാർഥികൾക്കു പരിശീലനം നൽകിയിരുന്നത്. എന്നാൽ ഇവിടത്തെ റജിസ്റ്ററിൽ ഒപ്പു വയ്ക്കുന്ന വിവരം അറിയില്ലായിരുന്നുവെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ വ്യക്തമാക്കി.
അൽ അമീൻ സ്കൂളിലെ കായികാധ്യാപകനാണെന്നും രാവിലെ 9.15 മുതൽ 3.45 വരെയാണു ജോലി സമയമെന്നും സ്കൂൾ അധികൃതർ കോളജിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം റദ്ദാക്കാൻ സർവകലാശാല നിർദേശം നൽകിയത്. അതേസമയം, അൽ അമീന്റെ പ്രവേശനത്തിൽ എംഎസ്എം കോളജിനു വീഴ്ചയില്ലെന്നു പ്രിൻസിപ്പൽ മുഹമ്മദ് താഹ അറിയിച്ചു.
പ്രവേശന സമയത്ത് വിദ്യാർഥിയുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയാണു പരിശോധിച്ചത്. ഈ വർഷം ജൂലൈയിലാണു പ്രവേശനം നേടിയത്.
ജോലി ചെയ്യുന്ന കാര്യം അറിയില്ലായിരുന്നു. വിദ്യാർഥി സ്വകാര്യ സ്കൂളിൽ അധ്യാപകനാണെന്നു പരാതി ലഭിച്ചതോടെ ഈ സ്കൂളിൽ അന്വേഷണം നടത്തി.
സംഭവം സ്ഥിരീകരിച്ച് സ്കൂൾ അധികൃതർ നൽകിയ കത്ത് കോളജ് തന്നെയാണു സർവകലാശാലയിലേക്ക് അയച്ചതെന്നു പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ കഴിഞ്ഞ ദിവസം സർവകലാശാല വിസി അധ്യക്ഷനായ അഡ്മിഷൻ മോണിറ്ററിങ് കമ്മിറ്റി കോളജിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ 10നു മുൻപ് അഡ്മിഷൻ റജിസ്റ്ററിൽ നിന്നും കോളജിലെ വോട്ടർ പട്ടികയിൽ നിന്നും പേരു നീക്കണമെന്നു കർശന നിർദേശവുമെത്തി. ഇതു ചെയ്ത ശേഷമാണ് ഇന്നലെ കോളജിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

