വിവാഹച്ചടങ്ങുകളിലേക്ക് ഭക്ഷണം എത്തിച്ചുനൽകാതെ പണം തട്ടിയ കേസിൽ അറസ്റ്റിലായ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ വീണ്ടും പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി നൽകിയിരിക്കുന്നത് അയ്മനം പുത്തൻപുരയ്ക്കൽ ദേവരാജനാണ്.
ഉദയം ഇവന്റ്സ് ആൻഡ് കേറ്ററിങ് ഉടമയായ വിഷ്ണു മോഹനനെതിരെയാണ് (29) നടപടി. യുകെയിലായിരുന്ന മകൻ ഇൻസ്റ്റഗ്രാം റീൽ കണ്ടാണ് 200 പേരുടെ വിവാഹ റിസപ്ഷന്റെ കേറ്ററിങ് വിഷ്ണുവിന് നൽകിയതെന്ന് ദേവരാജൻ വെളിപ്പെടുത്തി.
“13ന് വൈകിട്ട് അയ്മനത്ത് മകന്റെ വിവാഹ സൽക്കാരമായിരുന്നു. 1.55 ലക്ഷമായിരുന്നു കരാർ തുക.
റിസപ്ഷനു മുൻപ് 90,000 രൂപ വിവിധ അക്കൗണ്ടുകളിലായി വാങ്ങി. റിസപ്ഷൻ നടക്കുന്ന സ്ഥലം കാണാൻ വന്നു.
റിസപ്ഷനു തലേദിവസം വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. സാധനങ്ങൾ കയറ്റുകയാണെന്നും റിസപ്ഷന് രാവിലെ എത്തുമെന്നും പറഞ്ഞു.
പിറ്റേന്നു രാവിലെ 10ന്, എത്താൻ കഴിയില്ലെന്നും പണം തിരികെനൽകുമെന്നും വിഷ്ണു, ദേവരാജനെ അറിയിച്ചു.” ഇതേതുടർന്ന് പ്രതിസന്ധിയിലായ വീട്ടുകാർ മറ്റൊരു സ്ഥാപനത്തെ സമീപിച്ച് 2.75 ലക്ഷം രൂപ നൽകിയാണ് ചടങ്ങിന് ഭക്ഷണം ഒരുക്കിയത്. കോട്ടയം കഞ്ഞിക്കുഴിയിൽ നടന്ന വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് പ്രതിയെ ഈസ്റ്റ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
കഞ്ഞിക്കുഴി സ്വദേശിയിൽ നിന്ന് 1.19 ലക്ഷം രൂപയാണ് പ്രതി കൈപ്പറ്റിയത്. കൂടാതെ, ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകളിലും ഇയാൾ സമാനമായ രീതിയിൽ വഞ്ചന നടത്തിയിട്ടുണ്ട്.
ചോറ്റി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ 400 പേർക്കുള്ള സദ്യയ്ക്കായി 1.4 ലക്ഷം രൂപയും കഞ്ഞിക്കുഴിയിലെ ചടങ്ങിനായി 1.5 ലക്ഷം രൂപയുമാണ് മുൻകൂർ വാങ്ങിയത്. വ്യാഴാഴ്ച മുണ്ടക്കയം പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

