രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സംരംഭമായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് അതീവ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരിക്കുന്നു. ടാറ്റ സൺസ് ചെയർമാനായി എൻ.
ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാനും, കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) മുന്നോട്ടുപോകാനും ഡയറക്ടർ ബോർഡ് എടുത്ത തീരുമാനമാണ് നിലവിലെ പ്രതിസന്ധികൾക്ക് ആക്കംകൂട്ടിയിരിക്കുന്നത്. എന്നാൽ ബോർഡിന്റെ ഈ രണ്ട് തീരുമാനങ്ങളും തികച്ചും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തി.
മാത്രമല്ല, ബോർഡ് യോഗത്തിൽ അദ്ദേഹം ഈ തീരുമാനങ്ങൾക്കെതിരെ ശക്തമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ടാറ്റ ട്രസ്റ്റ്സിന്റെ രണ്ട് പ്രതിനിധികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ബോർഡിന് ഇത്തരം നിർണ്ണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് നോയൽ ടാറ്റയുടെ പ്രധാന വാദം.
റിസർവ് ബാങ്കിന്റെ അപ്പർ-ലെയർ വിഭാഗത്തിൽ ടാറ്റ സൺസിനെ ഉൾപ്പെടുത്തുകയും, എൻബിഎഫ്സി രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ഐപിഒ നടപടികൾ വേഗത്തിലാകുന്നത്. എന്നാൽ ഐപിഒ നടത്തണമെന്ന് റിസർവ് ബാങ്ക് ഉത്തരവുകളിൽ ഒരിടത്തും നിഷ്കർഷിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ടാറ്റ സൺസിനെ ഒരു സ്വകാര്യ കമ്പനിയായി തന്നെ നിലനിർത്തണമെന്നാണ് നോയൽ ടാറ്റയുടെ പക്ഷം. ഓഹരി വിൽപനയിലൂടെ കമ്പനി പബ്ലിക് ആയാൽ അത് ടാറ്റയുടെ ദീർഘകാലമായുള്ള തനിമയെയും വ്യക്തിത്വത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഐപിഒയും തുടർന്ന് ലിസ്റ്റിങ്ങും യാഥാർത്ഥ്യമായാൽ കമ്പനിയുടെയും ഉപകമ്പനികളുടെയും വിപണി മൂല്യത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും, നിക്ഷേപകർക്ക് മികച്ച ലാഭം നേടാൻ ഇത് വഴിയൊരുക്കുമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. നിലവിൽ നോയൽ ടാറ്റ നയിക്കുന്ന ടാറ്റ ട്രസ്റ്റ്സിന് ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ഇതിനിടയിലാണ് 18.4 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ (എസ്പി ഗ്രൂപ്പ്) ചെയർമാൻ ഷപൂർജി പല്ലോൻജി മിസ്ത്രി ഐപിഒയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയത്. ടാറ്റ സൺസിന്റെ ലിസ്റ്റിങ് ധാർമികവും സാമൂഹികവുമായ ഒരു അനിവാര്യതയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും വ്യക്തമാക്കി.
ഓഹരി വിപണിയിൽ വൻ തിരിച്ചടി ലിസ്റ്റിംഗ് നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറ്റം നടത്തിയ ടാറ്റ ഗ്രൂപ്പ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ടാറ്റ കെമിക്കൽസ് ഓഹരികൾ 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
ടിസിഎസ് (3.43%), ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് (3.15%), ടാറ്റ കമ്യൂണിക്കേഷൻസ് (1.28%), ടാറ്റ എൽക്സി (1.32%), ടാറ്റ ടെക്നോളജീസ് (3.58%), ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (1%), ടാറ്റ ഇൻവെസ്റ്റ്മെന്റ് കമ്പനി (2.54%), തേജസ് നെറ്റ്വർക്സ് (1.21%) എന്നിങ്ങനെ വിവിധ കമ്പനികളുടെ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. അതേസമയം ടാറ്റ ക്യാപിറ്റൽ, ട്രെന്റ്, നെൽകോ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ തുടങ്ങിയവ ചെറിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഉൾപ്പോരിന്റെ നാൾവഴികൾ ഇങ്ങനെയെല്ലാമാണ്:
∙ ഓഗസ്റ്റ് 12: താൻ ഇനി ടാറ്റ സൺസ് ചെയർമാനായി പുനർനിയമനം തേടില്ലെന്ന് എൻ. ചന്ദ്രശേഖരൻ ഔദ്യോഗികമായി വ്യക്തമാക്കി.
∙ ഓഗസ്റ്റ് 13: ഈ തീരുമാനം ടാറ്റ ട്രസ്റ്റ്സ് അംഗീകരിക്കുകയും പകരക്കാരനായ പുതിയ ആളെ കണ്ടെത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.
∙ സെപ്റ്റംബർ 11: എൻബിഎഫ്സി ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റ സൺസ് നൽകിയ അപേക്ഷ റിസർവ് ബാങ്ക് തള്ളി.
ഇതോടെ ലിസ്റ്റിംഗ് നടപടികൾ കമ്പനിക്ക് മുന്നിലുള്ള അനിവാര്യമായ വഴിയായി മാറി.
∙ സെപ്റ്റംബർ 17: ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരട്ടെയെന്നും ലിസ്റ്റിംഗ് നടപടികളുമായി മുന്നോട്ട് പോകാമെന്നും ടാറ്റ സൺസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. എന്നാൽ നോയൽ ടാറ്റ ഈ തീരുമാനത്തെ ശക്തമായി എതിർത്തു.
∙ പുനർനിയമനം താൻ ആഗ്രഹിക്കുന്നില്ലെന്ന് ചന്ദ്രശേഖരൻ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പുതിയൊരു ചെയർമാനെയാണ് കണ്ടെത്തേണ്ടതെന്ന് നോയൽ ടാറ്റ ആവശ്യപ്പെട്ടു.
തുടർന്ന് എടുത്ത പുനർനിയമനത്തിന്റെയും ലിസ്റ്റിംഗിന്റെയും ബോർഡ് തീരുമാനങ്ങൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

