മലയാള സിനിമയിൽ വലിയ മാസ് വിജയങ്ങൾക്ക് തിരക്കഥയൊരുക്കിയ സംവിധായകൻ രഞ്ജിത്ത് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ മുഴുനീള ചിത്രത്തിൽ അദ്ദേഹത്തിൻ്റെ തന്നെ കൾട്ട് കഥാപാത്രം കാമിയോ വേഷത്തിൽ എത്തുതുന്നു എന്നത് റിലീസിന് മുൻപേ തന്നെ വലിയ രീതിയിൽ ചർച്ചയായിരുന്നു. വലിയ താരനിര അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണവും ഇതുതന്നെയാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പൊലീസ് കഥയാണ് ഈ സിനിമ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ പ്രകാശ് വർമ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒപ്പം പുതുമുഖങ്ങളായ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ് എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലെത്തുന്നു. സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച് ജോലി ചെയ്യുന്ന ഡിവൈ.എസ്.പി.
ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ് പ്രകാശ് വർമ്മ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയുടെ വേഷം ചെയ്തിരിക്കുന്നത് അഭിരാമിയാണ്.
കൊച്ചിയിലെ ഒരു പ്രധാന ഡ്രഗ് ഡീലർക്കെതിരെ കേസന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഇവരുടെ വ്യക്തിജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പൊലീസ് അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങി ആദ്യ പോസ്റ്റിങ് ലഭിക്കുന്ന പൊലീസുകാരുടെ വേഷത്തിലാണ് യുവതാരങ്ങളെത്തിയിരിക്കുന്നത്.
ഇവരുടെ വ്യക്തിജീവിതത്തിലും ഇതേ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുക്കുന്നു. തുടർന്ന് തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയവരെ എതിരിടാൻ ഡിവൈ.എസ്.പി.
ബാലഗോപാലും ഈ യുവ പൊലീസുകാരും ഒന്നിക്കാൻ തീരുമാനിക്കുന്നതോടെ കഥ പുതിയ വഴിതിരിവിലേക്ക് നീങ്ങുന്നു. കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്ന് തിരിച്ചറിയുന്ന സംഘം ഒടുവിൽ കാരിക്കാമുറി ഷണ്മുഖൻ്റെ സഹായം തേടുന്നു.
സമൂഹത്തിന് തന്നെ ഭീഷണിയായ ഈ സംഘത്തിനെതിരെ ബാലഗോപാൽ നടത്തുന്ന ശക്തമായ പോരാട്ടമാണ് ചിത്രം പറയുന്നത്. 2004ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
കേരള പൊലീസ് വിചാരിച്ചാൽ ഏത് വിപത്തിനെയും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് ആ ചിത്രം നൽകിയത്. ‘അമ്പലക്കര തെച്ചിക്കാവിൽ പൂരം’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് കാരിക്കാമുറി ഷണ്മുഖനെയും സഹായി മമ്മാലിയെയും (മോഹൻ ജോസ്) സംവിധായകൻ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.
ഷേർഷാ ഷെരീഫ്, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, ആനന്ദ് മന്മഥൻ, ഭീമൻ രഘു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ജോണി ആന്റണി, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, സാബുമോൻ, നന്ദു തുടങ്ങിയ നീണ്ട
താരനിരയും ചിത്രത്തിലുണ്ട്. സത്യം സിനിമാസ്, മഹാസുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പതിവ് ഫോർമുലയിലുള്ള ഉദയ് കൃഷ്ണയുടെ തിരക്കഥ, ഒരു മാസ് എന്റർടൈനറിന് ആവശ്യമായ എല്ലാ ചേരുവകളോടും കൂടിയാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ മാസ് രംഗങ്ങളെയും സംഘട്ടനങ്ങളെയും കൂടുതൽ ഉയരത്തിലെത്തിക്കുന്നുണ്ട്.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ വൈകാരികതയും പൊലീസ് കഥയും ഒരേപോലെ ഒരേ ഫ്രെയിമിൽ കോർത്തിണക്കിയ ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിൽ കാരിക്കാമുറി ഷണ്മുഖൻ്റെ കടന്നുവരവ് പ്രേക്ഷകർക്ക് തിയേറ്റർ അനുഭൂതി സമ്മാനിക്കുമെന്നതിൽ സംശയമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

