സംസ്ഥാനത്ത് ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിനോയ് വിശ്വം വ്യക്തമാക്കി. വൈക്കം ഇണ്ടത്തുരുത്തിമനയിലെ സമ്മേളനഹാളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും പരാജയപ്പെടാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ആളുകൾ തന്നെ വോട്ട് ചെയ്യാതിരുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്തണം.
പാർട്ടി ബന്ധുക്കളെയും സഖാക്കളെയും വേണ്ടത്ര രീതിയിൽ പരിഗണിച്ചോ, അവരുടെ അഭിപ്രായങ്ങൾ കേട്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും അവർക്കുവേണ്ടി ചെയ്തു കൊടുക്കാൻ സാധിച്ചോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുന്നപ്രയുടെ മണ്ണായ അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തോൽവികളെ നിസ്സാരമായി കാണാനാകില്ലെന്നും വീഴ്ചകൾ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, ആ യാഥാർത്ഥ്യം മറച്ചുവെക്കുന്നില്ലെന്നും പറഞ്ഞു.
ബാറുകൾക്ക് 50 മീറ്ററും കള്ളുഷാപ്പുകൾക്ക് 400 മീറ്ററും ദൂരപരിധി നിശ്ചയിച്ചത് എന്തു ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. ഇത് തികച്ചും അന്യായമാണെന്നും ഈ വിഷയം ഇടതുപക്ഷം തന്നെ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൽഡിഎഫ് കൺവീനറായിരുന്ന ടി.പി. രാമകൃഷ്ണന് അടക്കം അറിയാവുന്ന കാര്യമാണിത്.
എല്ലാ യോഗങ്ങളിലും സിപിഐ പ്രതിനിധികൾ ഈ പ്രശ്നം ശക്തമായി ഉന്നയിച്ചിരുന്നതാണ്. കള്ള് വ്യവസായത്തെ രക്ഷിക്കാൻ കടമപ്പെട്ട
രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അഞ്ചു വർഷം ഭരിച്ചിട്ടും ഇതിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നയോഗങ്ങളിൽ ഈ വിഷയം ഉന്നയിച്ചപ്പോഴെല്ലാം മുഖ്യമന്ത്രി ‘ശരിയാക്കാം’ എന്ന് മാത്രമാണ് മറുപടി നൽകിയത്. എന്നാൽ, “ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം” എന്ന് ബിനോയ് വിശ്വം തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

