തളിപ്പറമ്പ് പരിയാരം ചുടലയിലെ ലിയോ ലാബിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥികൾ ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ അത്ഭുതപ്പെടുത്തി. വിവിധ പരിശോധനകൾക്കായി നിരവധി പേർ എത്തിച്ചേരുന്ന ലാബിന്റെ ഉള്ളിലേക്ക് യാതൊരുവിധ ഭയവുമില്ലാതെയാണ് കാട്ടുത്താറാവും പിന്നാലെ പത്ത് കുഞ്ഞുങ്ങളും ഇന്നലെ ഉച്ചയോടെ കയറിവന്നത്.
അകത്തെ മുറിയിൽ അഭയം തേടിയ ഈ വിരുന്നുകാരെക്കണ്ട് അമ്പരന്നുപോയ ജീവനക്കാർ, യാതൊരു അപകടവും സംഭവിക്കാതിരിക്കാൻ ഉടൻതന്നെ വാതിലടച്ച് സുരക്ഷ ഉറപ്പാക്കുകയാണുണ്ടായത്. തുടർന്ന് സംഭവം ഉടൻതന്നെ തളിപ്പറമ്പ് വനം അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടയിൽ അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും ആവശ്യമായ കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും ജീവനക്കാർ സമയം കണ്ടെത്തി. വിവരമറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ പ്രത്യേക നിർദേശാനുസരണം വനംവകുപ്പിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
ആദ്യം ചെറിയൊരു മടിയോടെ മുറിയിൽ ഓടിച്ചാടി നടന്ന കുഞ്ഞുങ്ങളെ അദ്ദേഹം വിദഗ്ധമായി ഒരു പെട്ടിയിലാക്കി. മക്കളെ പെട്ടിയിലാക്കുന്നത് കണ്ടതോടെ അമ്മത്താറാവും യാതൊരു ചെറുത്തുനിൽപ്പും കൂടാതെ കീഴടങ്ങുകയായിരുന്നു.
തുടർന്ന് ഇവയെ സമീപത്തുള്ള ഒരു കുളക്കരയിൽ എത്തിച്ചു. അവിടെയെത്തി പെട്ടി തുറന്നപ്പോൾത്തന്നെ അമ്മത്താറാവ് വേഗത്തിൽ വെള്ളത്തിലേക്ക് ചാടുകയും തന്റെ കുഞ്ഞുങ്ങൾക്കായി കാത്തുനിൽക്കുകയും ചെയ്തു.
പിന്നാലെ പെട്ടിയിൽനിന്ന് പുറത്തേക്ക് ചാടിയ പത്ത് കുഞ്ഞുങ്ങളും നീന്തി അമ്മയുടെ അരികിലെത്തി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി നയിച്ചുകൊണ്ട് അമ്മത്താറാവ് സമീപത്തെ ചെടികൾക്കിടയിലേക്ക് നീന്തിമറയുകയായിരുന്നു.
ഈ അപൂർവ്വ കാഴ്ച പ്രദേശവാസികൾക്കും കൗതുകമുണർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

