ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭാ പരിധിയിലെ ചില വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 24 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ രംഗത്തെത്തി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും കൃത്യമായ പ്രതിരോധ, ശുചിത്വ മാർഗ്ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
രോഗബാധിതരെ രോഗാരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞ് ശരീരത്തിലെ കുമിളകൾ പൂർണ്ണമായും ഉണങ്ങുന്നതുവരെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം. ദൈനംദിന ജീവിതത്തിൽ മാസ്ക് ധരിക്കുന്നത് ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ മുൻകരുതലാണ്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുളളതായി അധികൃതർ വ്യക്തമാക്കി.
വിദ്യാലയങ്ങളിൽ രോഗം പടരുന്നത് തടയാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപന രീതി
വായുവിലൂടെയും ശ്വാസകോശ സ്രവങ്ങളിലൂടെയും രോഗബാധിതരുടെ കുമിളകളിലെ ദ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയും അതിവേഗം പടരുന്ന വൈറസ് ബാധയാണിത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുചാടുന്ന സ്രവങ്ങളും രോഗിയുമായി നേരിട്ടുള്ള ഇടപഴകലും രോഗം എളുപ്പത്തിൽ പകരാൻ കാരണമാകുന്നു. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 2 മുതൽ 3 ദിവസം മുൻപ് മുതൽ തന്നെ രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പകരാൻ സാധ്യതയുണ്ട്.
കുമിളകൾ പൂർണ്ണമായും ഉണങ്ങി വരുന്നത് വരെ ഈ സമ്പർക്കവ്യാപന ഭീഷണി നിലനിൽക്കും. പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും
പനി, ശരീരത്തിൽ ചൊറിച്ചിലോട് കൂടിയ കുമിളകൾ അല്ലെങ്കിൽ പാടുകൾ, തലവേദന, ശരീരവേദന, അങ്ങേയറ്റത്തെ ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
വൈറസ് ബാധയേറ്റ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് സാധാരണയായി 10 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടതുതുടങ്ങാം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളും മുതിർന്നവരും സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ സന്ദർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നത് കർശനമായി നിയന്ത്രിക്കേണ്ടതാണ്. രോഗബാധിതരെ നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ മാറ്റിപ്പാർപ്പിക്കാൻ ശ്രദ്ധിക്കുക.
മറ്റുള്ളവരുടെ അടുത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.
രോഗിയുടെ വസ്ത്രങ്ങൾ, തൂവാലകൾ, കിടക്കവിരികൾ തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ മറ്റുള്ളവരുമായി ഒരു കാരണവശാലും പങ്കുവെക്കരുത്. ഇവ സാധാരണ സോപ്പ് ഉപയോഗിച്ച് പ്രത്യേകം കഴുകി വൃത്തിയാക്കേണ്ടതാണ്.
ശരീരത്തിന് ആവശ്യമായ പോഷകാഹാരവും ധാരാളം വെള്ളവും ഉറപ്പാക്കുക. രോഗബാധയുള്ളവർ കുമിളകൾ പൂർണ്ണമായും ഉണങ്ങുന്നതുവരെ പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള ഔഷധങ്ങൾ മാത്രം ഉപയോഗിക്കുക. രോഗിയുമായി അടുത്തി ഇടപഴകിയവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പിൻതുടരേണ്ടതാണ്.
രോഗം സ്ഥിരീകരിച്ച വീടുകളിൽ നിന്ന് അയൽവീടുകളിലേക്കും ബന്ധുവീടുകളിലേക്കും നടത്തുന്ന അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക. ഗർഭിണികൾ, നവജാത ശിശുക്കൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിൽ പെടുന്നവർ എന്നിവർ രോഗിയുമായി സമ്പർക്കത്തിൽ വരാൻ ഇടയായാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്
വിദ്യാലയങ്ങളിൽ കുട്ടികൾ അടുത്തടുത്ത് ഇടപഴകാൻ സാധ്യതയുള്ളതിനാൽ അധ്യാപകരും മാതാപിതാക്കളും അതീവ ജാഗ്രത പുലർത്തണം. പനിയോ ശരീരത്തിൽ കുമിളകളോ ചൊറിച്ചിലോ ഉള്ള കുട്ടികളെ ഒരു കാരണവശാലും വിദ്യാലയങ്ങളിലേക്ക് അയക്കരുത്.
രോഗബാധയേറ്റ കുട്ടികളെ കുമിളകൾ ഉണങ്ങുന്നതുവരെ വീട്ടിൽ തന്നെ വിശ്രമിക്കാൻ അനുവദിക്കുക. കുട്ടികളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം പതിവാക്കുക.
പഠനസാധനങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും പരസ്പരം കൈമാറുന്നത് തടയുക. സംശയാസ്പദമായ ലക്ഷണങ്ങൾ കാണുന്ന കുട്ടികൾക്ക് സ്വയം ഔഷധങ്ങൾ നൽകുന്നതിന് പകരം ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
ലക്ഷണങ്ങളുള്ള കുട്ടികളെ മുൻകൂട്ടി കണ്ടെത്തി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. ഒക്ടോബർ 6 വരെ അവധി
കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഒക്ടോബർ 6 വരെ കലക്ടർ ഷാജി വി.നായർ അവധി പ്രഖ്യാപിച്ചു.
നിലവിൽ 22 വിദ്യാർഥികളാണ് രോഗബാധിതരായത്. അവധി ദിനങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

