തിരുവനന്തപുരം/കൊച്ചി: കൊച്ചി മറീൻ ഡ്രൈവിലെ ഭവനനിർമാണ ബോർഡിന്റെ 17.9 ഏക്കറിലെ 3391 കോടിയുടെ മറീൻ ഇക്കോ സിറ്റി പദ്ധതിയിൽനിന്ന് കേന്ദ്ര നവരത്ന കമ്പനിയായ നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനെ (എൻബിസിസി) ഒഴിവാക്കുന്നതിനായി വീണ്ടും നീക്കങ്ങൾ സജീവമാകുന്നു. പ്രസ്തുത പദ്ധതി ഒരു സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ നിർദേശപ്രകാരം എൻബിസിസി സമർപ്പിച്ച പദ്ധതി വരുമാനം സംബന്ധിച്ച വിശദമായ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റ് 14ന് ഹൗസിങ് ബോർഡ് ഭവനനിർമാണ വകുപ്പിന് കൈമാറിയിരുന്നെങ്കിലും, ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടില്ല. മാത്രമല്ല, കെട്ടിടത്തിന്റെ പ്ലാൻ കൊച്ചി കോർപറേഷൻ അംഗീകരിച്ച് രണ്ടര മാസത്തോളമായെങ്കിലും പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഭവനനിർമാണ ബോർഡിന് 1200 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് 2024 ജനുവരി 31നാണ് ധാരണാപത്രം ഒപ്പുവെച്ച ഈ പദ്ധതിയാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കാൻ സ്വകാര്യ കമ്പനി രംഗത്തുവന്നതോടെയാണ് ഉന്നതതലങ്ങളിൽ നിലപാട് മാറ്റമുണ്ടായത്.
ബോർഡിന്റെ ഭൂമിക്ക് മാത്രം 750 കോടി രൂപ വിലമതിക്കുമ്പോൾ, 475 കോടി രൂപ മാത്രം വരുമാനം നൽകാമെന്നാണ് സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. ഈ നീക്കത്തിനെതിരെ സിപിഎമ്മും കോൺഗ്രസും ഇതിനോടകം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുമ്പോൾ 3391 കോടി രൂപ ചെലവാകുമെന്നും 4640 കോടി രൂപ വരവുണ്ടാകുമെന്നും, അതിലൂടെ 1000–1200 കോടി രൂപ ബോർഡിന് ലാഭമായി ലഭിക്കുമെന്നുമാണ് എൻബിസിസി സർക്കാരിനെ അറിയിച്ചിരുന്നത്. ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി മോൻസ് ജോസഫ് വിളിച്ച യോഗത്തിലെ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുന്നിൽ വെക്കാനായി ഓഗസ്റ്റ് 14ന് ഹൗസിങ് ബോർഡ് സർക്കാരിന് അയച്ചെങ്കിലും ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ട
നിർമാണത്തിനുള്ള പ്ലാൻ അംഗീകരിച്ച കൊച്ചി കോർപറേഷൻ, 7.5 കോടി രൂപ പെർമിറ്റ് ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ ആദ്യം ബോർഡിന് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു. ഈ തുക ഇപ്പോൾ അടയ്ക്കാമെന്നും പിന്നീട് നൽയാൽ മതിയെന്നും എൻബിസിസി ഹൗസിങ് ബോർഡിനെ അറിയിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചില്ല.
ഈ സാഹചര്യത്തിൽ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംയുക്ത സമിതി ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി വരുന്ന 23ന് മന്ത്രി ഇവരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

