സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നിർണായക നീക്കവുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB). സോളാര്‍ എനര്‍ജി കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് അധികൃതരുമായി ഔദ്യോഗികമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു.
പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഒരു യൂണിറ്റിന് 6 രൂപ നിരക്കിലാണ് നാല് മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി ലഭ്യമാകുക. 2028 മുതൽ ആരംഭിക്കുന്ന ഈ കരാറിന് 25 വര്‍ഷത്തെ കാലാവധിയാണുള്ളത്.
എങ്കിലും നിലവിലുള്ള അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ഈ കരാർ പെട്ടെന്ന് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ. പുതിയ ധാരണ പ്രകാരം 2028 മുതല്‍ പീക്ക് സമയങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചുതുടങ്ങും.
നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനായി മറ്റ് അനുബന്ധ ചര്‍ച്ചകളും ഊർജിതമായി പുരോഗമിക്കുകയാണ്. എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില അസാധാരണമാംവിധം ഉയർന്നുനിൽക്കുന്നതും മൂലം കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിൽ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകളും സജീവമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് 5496MW ആണ്. ഇത് സാധാരണ വേനല്‍ക്കാലങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ വൈദ്യുതി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ട് വരെയാണ് ഡിമാൻഡിൽ ഉണ്ടായ വർധന. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയ സാഹചര്യത്തിൽ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വൻതോതിൽ വർധിച്ചതിനാൽ പവര്‍ എക്സ്ചേഞ്ചുകള്‍ വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നതിൽ വലിയ കുറവാണ് നേരിടുന്നതെന്ന് വൈദ്യുതി വകുപ്പ് വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

