ഡല്‍ഹി: ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സ് കൊലപാതക കേസില്‍ പ്രതിയായ ദാരാ സിങ്ങിന്റെ ശിക്ഷാ ഇളവ് ഹര്‍ജി ഒഡീഷ സര്‍ക്കാര്‍ തള്ളി. കഴിഞ്ഞ ആഗസ്റ്റ് 31ന് ചേര്‍ന്ന സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡ് ഹരജി തള്ളിയ വിവരം അധികൃതര്‍ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ഹരജിയില്‍ തീരുമാനമെടുക്കുന്നത് വൈകിച്ച ഒഡീഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ നേരത്തെ കോടതിയുടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 1999 ജനുവരി 22-നാണ് ഒഡിഷയിലെ മനോഹര്‍പൂരില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഫിലിപ്പും തിമോത്തിയും ക്രൂരമായി കൊല്ലപ്പെട്ടത്.
കുഷ്ഠരോഗികള്ക്കിടയില് ദീര്‍ഘകാലമായി സേവനം അനുഷ്ഠിച്ചിരുന്ന സ്റ്റെയിന്‍സും കുട്ടികളും വാഹനത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം അരങ്ങേറിയത്. ഏകദേശം 50 പേരടങ്ങിയ സംഘം വാഹനം വളഞ്ഞുനിന്നു തീ കൊളുത്തുകയായിരുന്നു.
ബജറംഗ്ദള് പ്രവര്‍ത്തകനായ രബീന്ദ്ര കുമാര്‍ പാല് എന്ന ദാരാ സിങ് ആയിരുന്നു കേസിലെ മുഖ്യപ്രതി. 2000 ജനുവരിയില്‍ പിടിയിലായ ഇയാള്‍ക്ക് 2003ല്‍ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയുണ്ടായി.
തുടര്‍ന്ന് 2005ല്‍ ഒഡീഷ ഹൈക്കോടതി ഈ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു. 2011ല്‍ സുപ്രിംകോടതി ഈ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു.
എന്നാല്‍ 25 വര്‍ഷത്തിലേറെ ജയില്‍വാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, ഒഡീഷയുടെ നിലവിലെ ശിക്ഷാ ഇളവ് നയപ്രകാരം തന്റെ മോചനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദാരാ സിങ്ങ് പിന്നീട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. യുവത്വത്തിലെ തോന്നലുകളുടെ പുറത്താണ് കുറ്റം ചെയ്തുപോയതെന്നും താന്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.
തുടര്‍ന്ന് ഈ വിഷയം പരിഗണിക്കാന്‍ ഒഡിഷ സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതായി കോടതി പലതവണ ചൂണ്ടിക്കാണിച്ചു.
ഹരജിയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ എട്ടിന് നടന്ന വാദത്തിനിടെ, തീരുമാനം വീണ്ടും വൈകിയാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തേണ്ടി വരുമെന്ന് കോടതി കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് മുമ്പായി അന്തിമ തീരുമാനമെടുക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡ് യോഗം ചേര്‍ന്ന് ഹരജി തള്ളിക്കളഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

