തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് അരങ്ങേറുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഔദ്യോഗികമായി ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി കായികപ്രേമികള്‍ക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
നഗരത്തിലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍, ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.
ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ഗാലറികളിലേക്കുള്ള നിരക്കുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാലറി ടിക്കറ്റുകള്‍ക്ക് 650 രൂപയാണ് നിരക്ക്. പവലിയന് ടിക്കറ്റിന് 1250 രൂപയും, പവലിയന് എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില.
എലൈറ്റ് പവലിയന് ടിക്കറ്റുകള്‍ക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 5000 രൂപയും നിരക്ക് നിശ്ചയിച്ചു. എല്ലാവിധ ടാക്സുകളും ഉള്‍പ്പെടുത്തിയാണ് ഈ നിരപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് ടിക്കറ്റ് നിര്‍ബന്ധമാണ്. അതേസമയം, സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര മത്സരം നേരിട്ട് ആസ്വദിക്കുന്നതിനായി കെസിഎ പ്രത്യേക ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്റര്ടെയ്ന്മെന്റ് ടാക്സ് ഉള്‍പ്പെടെ 300 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് ലഭിക്കുക. ഇതിനായുള്ള പ്രത്യേക കണ്സെഷന് നടപടിക്രമങ്ങളും അസോസിയേഷന് പുറത്തുവിട്ടിട്ടുണ്ട്.
ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്ന് കെസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വരെ സ്വന്തമാക്കാം.
ടിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സഹായത്തിനുമായി പ്രത്യേക ബോക്സ് ഓഫീസും ഹെല്പ് ഡെസ്കും പ്രവര്‍ത്തിക്കും.
ഇതിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. വരുന്ന സെപ്റ്റംബര്‍ 23-ന് ഇരുടീമുകളും തലസ്ഥാനത്ത് എത്തിച്ചേരും.
സെപ്റ്റംബർ 24, 25 തീയതികളില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെയും, ഇന്ത്യന്‍ ടീം വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെയും പരിശീലനം നടത്തും. 26-ന് ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4വയസ്സു വരെ ഇന്ത്യന്‍ ടീമും തുടര്‍ന്ന് വിന്‍ഡീസ് ടീമും കളിക്കളത്തിലിറങ്ങും.
മത്സരദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് കളി ആരംഭിക്കും. തലസ്ഥാനത്തെ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലും, ഒക്ടോബര്‍ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുന്നത്.
കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിനമാണിത്. 2018 നവംബര്‍ ഒന്നിനാണ് ഇവിടെ ആദ്യ ഏകദിനം നടന്നത്.
അന്നും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായിരുന്നു എതിരാളികള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിന്‍ഡീസ് ടീം വീണ്ടും ഇവിടെയെത്തുന്നത്.
മത്സരത്തിനെത്തുന്ന ഏകദേശം 35,000 കാണികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. കാണികള്‍ക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കാന്‍ ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം ആകെ 105000 ലിറ്റര്‍ കുടിവെള്ളം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിക്കും.
കൂടാതെ, വാഹന പാര്‍ക്കിങ് സുഗമമാക്കുന്നതിനായി ടിക്കറ്റില്‍ തന്നെ പ്രത്യേക ലിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

