പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഒളിച്ചുകടത്താൻ ശ്രമിച്ചതു ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും മർദ്ദിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് പിടികൂടി.
തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ വീട്ടിൽ മനോജ് കെ തങ്കപ്പൻ (ജോഷി – 52), കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
തിരുവല്ല തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയുമാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വീട്ടിൽ തുണി കഴുകിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങൾ മനോജ് കെ തങ്കപ്പൻ മൊബൈൽ ഫോണിൽ ഒളിച്ചു പകർത്തുവാൻ ശ്രമിക്കുകയായിരുന്നു.
ഇത് യുവതിയുടെ ഭർത്താവ് നേരിട്ടെത്തി ചോദ്യം ചെയ്തതാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്. ഇതിൽ പ്രകോപിതനായ മനോജ്, തന്റെ സുഹൃത്തുക്കളെയും കൂട്ടിയെത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും യുവതി, ഭർത്താവ്, ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ കുടുംബാംഗങ്ങൾ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികളുടെ ഭാഗമായി പ്രതികളെ പിടികൂടുകയുമായിരുന്നു.
തുടർന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

