പ്രമുഖ അന്താരാഷ്ട്ര കായിക ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുർഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബ് കേന്ദ്രീകരിച്ചാണ് ഈ വലിയ നടപടി ഉണ്ടായിരിക്കുന്നത്.
ടെക് ഹബ്ബിലെ മൊത്തം ജീവനക്കാരുടെ 50 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായാണ് വിവരം. ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച കാര്യം കമ്പനിയും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്കിലും, എത്രത്തോളം ജീവനക്കാരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നതിന്റെ കൃത്യമായ കണക്കുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ സേവനം അനുഷ്ഠിക്കുന്ന സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്.
ഏകദേശം 700-ഓളം ജീവനക്കാരാണ് ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ ആകെ ജോലിചെയ്യുന്നത്. ഇതിൽ 350-ഓളം പേരെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 15-ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കമ്പനി ജീവനക്കാരെ അറിയിച്ചത്.
ഇതിന്റെ തുടർച്ചയായി ചില ജീവനക്കാർക്ക് അന്നേദിവസം തന്നെ പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുകയും ചെയ്തു. എന്നാൽ മറ്റു ചില ജീവനക്കാരോട് ഡിസംബർ മാസം വരെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ചുമതലകൾ സഹപ്രവർത്തകർക്ക് കൈമാറാനും കമ്പനിക്കുള്ളിലെ തന്നെ മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കാനുമാണ് ഈ കാലാവള നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കകം മറ്റു തസ്തികകളിൽ ജോലി ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബർ 15 ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പിരിച്ചുവിടൽ വേളയിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ചില തസ്തികകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നാണ് അഡിഡാസിന്റെ പ്രതികരണം.
ബിസിനസ് രംഗത്തെയും സാങ്കേതികവിദ്യയിലെയും മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ലളിതമാക്കാനും ദീർഘകാല വിജയത്തിനായി കമ്പനിയെ സജ്ജമാക്കാനുമാണ് ഈ നടപടിയെന്ന് അഡിഡാസ് ഔദ്യോഗികമായി അറിയിച്ചു. ജീവനക്കാർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് കമ്പനി അങ്ങേയറ്റത്തെ നന്ദി പ്രകടിപ്പിക്കുന്നു.
ഈ മാറ്റങ്ങൾ ബാധിക്കുന്ന മുഴുവൻ ജീവനക്കാർക്കും ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക മാർക്കറ്റിങ് വിഭാഗത്തിനൊപ്പം അഡിഡാസിന്റെ ഗ്ലോബൽ ടെക് ഹബ്ബും ഗുരുഗ്രാമിലെ ഓഫീസിലാണ് പ്രവർത്തിക്കുന്നത്.
സമീപകാലത്തായി ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അഡിഡാസ് വൻതോതിൽ വിപുലീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസ് സെന്റർ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

